നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും

നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൃശൂര്‍:സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹബിലിറ്റേഷനില്‍ തുടങ്ങി. 

അവയവ നിര്‍മാണ രംഗത്തെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായതു കൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്‍പ്പടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാപനം കൂടിയാണ് നിപ്മര്‍.സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്. 

കൃത്രിമ അവയവ നിര്‍മാണ രംഗത്ത് ടെക്‌നോളജി വളരെയേറെ വികസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ സേവനം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിന് തടസം ഭാരിച്ച ചെലവാണ്. ഇതു സംബന്ധിച്ച അവബോധവും കുറവാണ്. കൃത്രിമ കാലുകളും കൈകളും ഘടിപ്പിച്ചവര്‍ക്ക് ഏതു ജോലിയും ചെയ്യാന്‍ സാധിക്കുമെന്നതാണ് ആധുനിക ടെക്‌നോളജിയുടെ മേന്‍മ. ഭാരം ചുമക്കുന്ന ജോലിയെടുക്കുന്നവര്‍ക്കും അത്‌ലറ്റിക്കുകള്‍ക്കു വരെയും ഇത്തരം അനുയോജ്യമായ അവയവങ്ങള്‍ ലഭ്യമാണ്. അവയവം മുറിച്ചു മാറ്റിക്കഴിഞ്ഞാല്‍ കഴിയാവുന്നതിലും വേഗത്തില്‍ കൃത്രിമ അവയവം ഘടിപ്പിക്കുമ്പോള്‍ കാര്യക്ഷമത കൂടുമെന്ന് പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് യൂണിറ്റ് മേധാവി ഡോ. സിന്ധു വിജയകുമാര്‍ പറഞ്ഞു. 

കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമായ അവയവങ്ങളാണ് നിപ്മര്‍ നിര്‍മിച്ചു നല്‍കുന്നത്. കൈകാലുകള്‍, വിരലുകള്‍ എന്നിവ സ്വാഭാവിക നിലയില്‍ ചലിപ്പിക്കുന്നതിന് മള്‍ട്ടി ആക്‌സില്‍ ജോയ്ന്റുകളും ഇവിടെ നിര്‍മിക്കുന്നുണ്ട്. 

നിലവില്‍ റെഡിമെയ്ഡ് അവയവങ്ങളെയാണ് പൊതുവേ ആശ്രയിക്കുന്നത്. ഇത് തുടര്‍വര്‍ഷങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ശരീരത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസം കൃത്രിമ അവയങ്ങള്‍ ഉപയോഗയോഗ്യമല്ലാതാകുന്ന സാഹചര്യമുണ്ട്. ഉപയോഗിക്കുന്നയാളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് നിര്‍മിക്കാമെന്നതാണ് നിപ്മറിന്റെ പ്രത്യേകത. നടത്തത്തിന്റെ രീതിയും താളവുമനുസരിച്ച് മുന്‍കൂട്ടി ഡിസൈന്‍ ചെയ്ത് അവയവങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. മയോ ഇലക്ട്രിക്കല്‍ പ്രോസ്തറ്റിക് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com