മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത് ; മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം : ചെന്നിത്തല

ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസ്സിലാക്കി വേണം മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. പിണറായി വിജയന് എന്തു സംസാരിക്കാനും അവകാശമുണ്ട്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരമുണ്ടാകണമെന്ന് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വൈകീട്ടത്തെ വാര്‍ത്താസമ്മേളനം ജനങ്ങള്‍ കേള്‍ക്കുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാനാണ്. കോവിഡ് വാര്‍ത്താസമ്മേളനങ്ങള്‍ വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. പലപ്പോഴും പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ പിണറായി വിജയന്‍ കോവിഡ് വാര്‍ത്താസമ്മേളനങ്ങളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. എല്ലാ സീമകളും ലംഘിച്ചാണ് കെപിസിസി അധ്യക്ഷനെതിരെ മുഖ്യമന്ത്രി നടത്തിയത്. 

ഒരു മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതാണോ ഇതെന്ന് പിണറായി വിജയന്‍ ചിന്തിക്കണം. സമചിത്തതയുടെ പാതയാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസ്സിലാക്കി വേണം മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. വിദ്യാഭ്യാസ കാലത്ത് നടന്ന സംഭവങ്ങള്‍ ചികഞ്ഞെടുത്ത് പറയേണ്ട ഒരു സ്ഥിതിവിശേഷവും ഇപ്പോള്‍ ഇവിടെ ഇല്ല. പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. 

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മുഖ്യമന്ത്രി ഇത്തരത്തിലാണോ പ്രതികരിക്കേണ്ടത്. ഇതെല്ലാം മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വനംകൊള്ള നടത്തി കോടികളുടെ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, അതെല്ലാം മറയ്ക്കാനാണ് ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. കെ സുധാകരന്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഓടുപൊളിച്ച് വന്നയാളല്ല സുധാകരന്‍. നിരവധി തെരഞ്ഞെടുപ്പുകള്‍ നേരിട്ട വ്യക്തിയാണെന്നും ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com