ആരാണ് ഈ ചോദ്യങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചു തരുന്നത്? ; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കെ സുധാകരന്‍

മുട്ടില്‍ മരം കൊള്ള മറച്ചുവെക്കാനാണ് വിവാദമെന്ന് കെ സുധാകരന്‍ ആരോപിച്ചു
കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍

കൊച്ചി :  വാര്‍ത്താസമ്മേളനത്തിനെ മാധ്യമങ്ങളോട് ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.'' പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്ക് മിസ്റ്റര്‍.   സിപിഐഎമ്മിന്റെ ആപ്പീസില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം പറയണോ''- കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

നിങ്ങള്‍ക്കാരാണീ ചോദ്യങ്ങള്‍ വാട്‌സ് ആപ്പില്‍ തരുന്നത്. എകെജി മന്ദിരത്തില്‍ നിന്നാണോ? പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്ക്. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം നടത്ത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രക്ഷാളന്‍മാരായി മാറേണ്ട. ലജ്ജ വേണം. സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്ക്. സിപിഐഎമ്മിന്റെ ആപ്പീസില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണോ എന്നും സുധാകരന്‍ പറഞ്ഞു. 

മുട്ടില്‍ മരം കൊള്ള മറച്ചുവെക്കാനാണ് വിവാദമെന്ന് കെ സുധാകരന്‍ ആരോപിച്ചു. അത് അനുവദിക്കില്ല. ബിജെപി വോട്ടു വാങ്ങി വിജയിച്ച പിണറായി വിജയനാണോ, താനാണോ ബിജെപിയെന്നും കെപിസിസി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

ബിജെപിയെ തങ്ങള്‍ എതിര്‍ക്കുന്നതു പോലെ നിങ്ങള്‍ എതിര്‍ക്കുന്നുണ്ടോയെന്ന് സുധാകരന്‍ പിണറായിയോട് ചോദിച്ചു. നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ എവിടെയെങ്കിലും പാര്‍ട്ടിയുണ്ടോ. ഇന്ത്യാ രാജ്യത്ത് എവിടെയാണ് നിങ്ങള്‍ ബിജെപിയെ എതിര്‍ക്കുന്നത്. നിങ്ങളുടെ എല്ലാ കുത്തക സംസ്ഥാനങ്ങളും നഷ്ടപ്പെട്ടില്ലേ, അവിടെ ബിജെപി ജയിച്ചില്ലേ എന്ന് സുധാകരന്‍ ചോദിച്ചു. 

ഞങ്ങള്‍ ഉള്ളിടത്തല്ലേ ഇത്തിരിയെങ്കിലും ബിജെപിയെ പ്രതിരോധിച്ചത്. ബിജെപിയുടെ സകല ആനുകൂല്യങ്ങളും പറ്റി നാണമില്ലാതെ അനുഭവിച്ചിട്ട് മറ്റുള്ളവരുടെ തലയില്‍ ആ പട്ടം കെട്ടിവെക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. 

എത്രയോ തവണ താന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 13 വര്‍ഷത്തോളം തന്റെ വീടിന് പ്രവര്‍ത്തകര്‍ കാവല്‍ നിന്നു. കഴിഞ്ഞ 15- 20 വര്‍ഷമായി കോണ്‍ഗ്രസിന്റെ എത്ര തടവുകാര്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലുണ്ടെന്ന് പരിശോധിക്കണം. സിപിഎമ്മിന് എത്രപേരുണ്ടെന്ന് പരിശോധിക്കണം. ഇപ്പോഴുമുണ്ട് സിപിഎമ്മിന്റെ 10-20 ഓളം കൊലക്കേസ് പ്രതികളെന്ന് സുധാകരന്‍ പറഞ്ഞു. 

ഒരൊറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലില്ല. നാണുവിന്റെ കൊലയല്ലാതെ, തന്റെ കാലഘട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു സിപിഎം പ്രവര്‍ത്തകന്റെ പേര് പിണറായി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് പദം രാജിവെക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ താന്‍ പ്രതിയല്ലെന്നും സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com