സുധാകരന്‍ ഒരു പ്രത്യേകരീതിക്കാരന്‍; രണ്ട് പേരും കണ്ണൂരില്‍ നിന്ന് വളര്‍ന്നുവന്നവര്‍: എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2021 05:00 PM  |  

Last Updated: 20th June 2021 05:00 PM  |   A+A-   |  

m m mani against strike

ഫയല്‍ ചിത്രം

 

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പ്രതികരണവുമായി മുന്‍ മന്ത്രി എംഎം മണി. സുധാകരന്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിച്ചതുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് മറുപടി പറയേണ്ടി വന്നതെന്ന് എംഎം മണി പറഞ്ഞു.

സിപിഎമ്മുകാര്‍ സുധാകരനെതിരെ കത്തിയുമായി വരില്ലെന്നും കത്തിയുമായി ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടതെന്നും എംഎം മണി പറഞ്ഞു. മരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം സുധാകരനെ നിയോഗിച്ചിരിക്കുന്നതെന്നും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തേണ്ട കാര്യം സുധാകരനില്ലെന്നും എംഎം മണി പറഞ്ഞു. 

സിഎം മനപ്പൂര്‍വമായി എന്തെങ്കിലും പറഞ്ഞെന്ന് താന്‍ കരുതുന്നില്ല. അവര്‍ രണ്ട് പേരും കണ്ണൂരില്‍ നിന്ന് വളര്‍ന്നുവന്നവരാണ്. സുധാകരന്‍ ഒരു പ്രത്യേക രീതിക്കാരനാണ്. ആകപ്പാടെ മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. പിണറായിക്കെതിരെ  വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യം സുധാകരനില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ കാര്യ നോക്കിയാല്‍ മതിയെന്നും എം.എം. മണി പറഞ്ഞു.