ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേക നമ്പര്‍, താലൂക്ക് അടിസ്ഥാനത്തില്‍ വ്യത്യസ്ത നിറം; കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരം 

മറ്റു സംസ്ഥാനങ്ങളിലെ പോലെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പാക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ പോലെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകള്‍ നല്‍കുന്ന സംവിധാനമാണ് കെഎസ്ആര്‍ടിസിയുടെ സിറ്റി ബസുകളില്‍ പരീക്ഷിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലായിരിക്കും ഈ നമ്പറുകള്‍ രേഖപ്പെടുത്തുക.

2016ല്‍ റൂട്ട് നമ്പറിങ്ങിനെക്കുറിച്ച് കെഎസ്ആര്‍ടിസി പഠനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേര്‍ന്നായിരുന്നു പഠനം. ഈ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നി അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളാണ് നല്‍കിയിട്ടുള്ളത്.  നിലവില്‍ കിഴക്കേക്കോട്ടയിലെ ബസുകളില്‍ നമ്പറിട്ടു കഴിഞ്ഞു. വൈകാതെ തന്നെ സംസ്ഥാനം മുഴുവന്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുക. 

കിഴക്കേക്കോട്ട, പേരൂര്‍ക്കട, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട് ഡിപ്പോകളിലെ 100 ഓളം ബസുകളിലാണ് ആദ്യഘട്ടത്തില്‍ നമ്പര്‍ രേഖപ്പെടുത്തുക. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിലെ നമ്പറുകള്‍ ഒന്നിലാണ് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നാല്, അഞ്ച് അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളും നെടുമങ്ങാട് താലൂക്കില്‍ ആറ്, ഏഴ് അക്കങ്ങളിലും വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകളില്‍ എട്ട്, ഒമ്പത് അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളുമാണ് നല്‍കിയിരിക്കുന്നത്.

താലൂക്ക് അടിസ്ഥാനത്തില്‍ ഈ അക്കങ്ങള്‍ക്ക് നിറങ്ങളും നല്‍കും. ഓരോ താലൂക്കിനും ഓരോ നിറമാണ് നല്‍കുക.  തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങളുടെ അക്കങ്ങള്‍ നീലനിറത്തിലായിരിക്കും രേഖപ്പെടുത്തുക. നെയ്യാറ്റിന്‍കര, കാട്ടാക്കട - മഞ്ഞ, നെടുമങ്ങാട് - പച്ച, വര്‍ക്കല, ചിറയിന്‍കീഴ് - ചുവപ്പ് എന്നിങ്ങനെയാണ് നിറങ്ങള്‍ നല്‍കുക. 

സ്ഥലത്തിന്റെ നമ്പര്‍ ബോര്‍ഡിന്റെ ഇടതുവശത്താണ് രേഖപ്പെടുത്തുക. സര്‍വീസ് എത് കാറ്റഗറിയാണെന്ന് അതായത് സിറ്റി ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് പാസഞ്ചര്‍- എന്ന് വ്യക്തമാക്കുന്ന ചുരുക്കെഴുത്ത് ബോര്‍ഡിന്റെ വലതുവശത്തും പ്രദര്‍ശിപ്പിക്കും.  സ്ഥലങ്ങളുടെ പേരുകള്‍ എഴുതുന്നതിനും പ്രത്യേക നിറങ്ങള്‍ ഉപയോഗിക്കും. സിറ്റി ഓര്‍ഡിനറി ബസുകളുടെ ബോര്‍ഡുകളില്‍ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥലപ്പേരുകള്‍ എഴുതുക. സിറ്റി ഫാസ്റ്റില്‍ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥലപ്പേരുകള്‍ എഴുതുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com