മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ ക്രൂരമായി മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2021 07:00 PM  |  

Last Updated: 20th June 2021 07:00 PM  |   A+A-   |  

son-aattack-father

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്


പത്തനംതിട്ട: വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ  അടിസ്ഥാനത്തിലാണ് നടപടി.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു  മര്‍ദനം. വലംചുഴി തോണ്ടമണ്ണില്‍ 75 കാരനായ റഷീദാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ഏകമകന്‍ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തുവരുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മര്‍ദനം അരമണിക്കൂറോളം നീണ്ടുനിന്നു. വീടിന്റെ പുറത്തിട്ട് മൂവരും ചേര്‍ന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തി. ഷീബയാണ് പിടിച്ചുകൊടുക്കുന്നത്. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേല്‍ക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്.

നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് റഷീദിനെ രക്ഷിച്ചത്. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തില്‍ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.