'മൊത്തത്തില്‍ പാളി'; ബിജെപി നേതൃത്വത്തിന് എതിരെ ആര്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2021 07:17 PM  |  

Last Updated: 20th June 2021 07:17 PM  |   A+A-   |  

surendran

കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം


കൊച്ചി: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ആര്‍എസ്എസ്. കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍എസ്എസ് നേതൃത്വം വിമര്‍ശനം ഉന്നയിച്ചത്. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏകോപനം മൊത്തത്തില്‍ പാളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കി. ഇതെല്ലാം തോല്‍വിയായി പ്രതിഫലിച്ചെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

ബിജെപിയിലെ ഗ്രൂപ്പിസത്തിന് എതിരെയും വിമര്‍ശനമുയര്‍ന്നു. ഓരോ നേതാക്കളുടെയും പ്രവര്‍ത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. ബിജെപിയിലെ നിലവിലെ വിവാദങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍, ആര്‍എസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. 

കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് മത്സരിക്കാന്‍ കോഴപ്പണം നല്‍കിയെന്ന കേസ്, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയ്ക്ക് കോഴ നല്‍കിയതിന് എതിരായ കേസ് തുടങ്ങി കെ സുരേന്ദ്രന് എതിരായി ഉയര്‍ന്ന വിവാദങ്ങളില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത വിമര്‍ശനമുന്നയിച്ചു. 

ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സംഘടന സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.