പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി; തടയാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചു വീഴ്ത്തി; സ്റ്റേഷനിൽ യുവാവിന്റെ പരാക്രമങ്ങൾ

പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി; തടയാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചു വീഴ്ത്തി; സ്റ്റേഷനിൽ യുവാവിന്റെ പരാക്രമങ്ങൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇത് തടയാൻ ചെന്ന പൊലീസുകാരനെ യുവാവ് ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. 

സിവിൽ പൊലീസ് ഓഫീസർ എഎൻ പ്രകാശന് (48)പരിക്കേറ്റു. പ്രകാശനും വിഷ്ണുവിനും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ‌ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച കവലയിൽ ഉണ്ടായ അടിപിടി കേസിൽ വിഷ്ണുവിനെ പൊലീസ് പിടികൂടിയിരുന്നു. അന്നു സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്ട വൈകീട്ട് സ്റ്റേഷനു മുന്നിലെത്തിയ വിഷ്ണു കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ കൂടി ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തീപ്പെട്ടിയും കൈയിൽ കരുതിയിരുന്നു. വിഷ്ണുവിനെ തടഞ്ഞ എഎൻ പ്രകാശനെ ഇയാൾ ഇടിച്ചു വീഴ്ത്തി. തുടർന്ന് മറ്റു പൊലീസുകാർ വിഷ്ണുവിനെ കീഴടക്കി.

പൊലീസുകാരോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എസ്ഐ പിഎസ് അനീഷ് പറഞ്ഞു. രണ്ടാഴ്ച മുൻപ് വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇയാളുടെ പേരിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ വെട്ടിപ്പരുക്കേൽപിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനു ശേഷം കവലയിൽ എത്തി പലതവണ വിഷ്ണു പൊലീസുകാരെ അസഭ്യം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com