കോവിഡ് ചികില്‍സ : റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 04:47 PM  |  

Last Updated: 21st June 2021 04:47 PM  |   A+A-   |  

Kerala Coronavirus

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍. കോവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനറല്‍ വാര്‍ഡ്, ഓക്‌സിജന്‍ സംവിധാനമുള്ള വാര്‍ഡ്, ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു എന്നിവയ്ക്ക് നിരക്ക് നിശ്ചയിച്ചിരുന്നു.

അതില്‍ റൂമിന്റെ വാടക എത്ര ഈടാക്കാമെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. റൂമിന്റെ വാടക ഈടാക്കുന്നത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സ്വകാര്യ ആശുപത്രികള്‍ക്ക് റൂമുകള്‍ക്ക് നിരക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

ഇതോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സയ്ക്ക് ചെലവേറുമെന്ന് ഉറപ്പായി. അതേസമയം, സ്വകാര്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് എത്ര നിരക്ക് ഈടാക്കാം എന്നതു സംബന്ധിച്ച മാനേജുമെന്റിന്റെ ആവശ്യത്തില്‍, ഇവര്‍ക്കും സര്‍ക്കാര്‍ നിരക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് വാര്‍ഡിലും ഐസിയുവിലും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കുമ്പോഴും മാത്രമാണ് ലഭിക്കുക.