കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1.11 കോടി രൂപ മൂല്യമുള്ള അനധികൃത സ്വര്‍ണവുമായി മലപ്പുറം മൂര്‍ക്കനാട് സ്വദേശി മേലേതില്‍ മുഹമ്മദ് ഷഫീഖ് പിടിയിലായി. ഇന്നലെ ഏഴരക്കിലോ സ്വര്‍ണം കരിപ്പൂരില്‍ നിന്ന് പിടികൂടിയിരുന്നു. ദുബായില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപയ്ക്കുള്ള സ്വര്‍ണമാണ് പിടികൂടിയത്. ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വര്‍ണം പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നും കരിപ്പൂരില്‍ ശക്തമായ പരിശോധന നടത്തുകയും അനധികൃത സ്വര്‍ണം പിടികൂടുകയും ചെയ്തത്.

4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ ഇന്നലെ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായി എത്തിയ നാലുയാത്രക്കാര്‍ പിടിയിലായത്.

കണ്ണൂര്‍ സ്വദേശിയായ അഫ്താബ് അതിവിദഗ്ധമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് 2.99 കിലോ സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണക്കട്ടികള്‍ തിരിച്ചറിയാതിരിക്കാന്‍ വെള്ളി നിറം പൂശുകയും ചെയ്തിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത അഫ്താബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് പാറക്കടവ് സ്വദേശിയായ അജ്മല്‍ 1,983 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.

ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരും പരിശോധനയില്‍ കുടുങ്ങി. 1334 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി. നിസാമുദ്ദീന്‍ പിടിയിലായി. 1071 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് കോഴിക്കോട് മുക്കം സ്വദേശിയായ പി മുജീബ് റഹ്മാന്‍ പിടിയിലാകുന്നത്. 55 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com