അമ്മ നിരപരാധി, 13 കാരനെ പീഡിപ്പിച്ചിട്ടില്ല, കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍ ; കടയ്ക്കാവൂര്‍ പോക്‌സോ കേസ് വഴിത്തിരിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 09:51 AM  |  

Last Updated: 21st June 2021 09:51 AM  |   A+A-   |  

kadakavoor rape

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ഡിസംബര്‍ 28ന് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള പരാതി  നല്‍കിയതാണെന്നാണ് അമ്മയുടെ വാദം. 

മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ലെന്നും, ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു മുന്‍ ഭര്‍ത്താവിന്റെ വാദം. അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകന്‍ മൊഴി നല്‍കിയിരുന്നത്.