'വിജയന്‍ എന്റെ മുടിയില്‍ പിടിച്ചുവലിച്ചു കൊടുത്തു, മറ്റൊരാള്‍ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞുവെട്ടി'

'വിജയന്‍ എന്റെ മുടിയില്‍ പിടിച്ചുവലിച്ചു കൊടുത്തു, മറ്റൊരാള്‍ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞുവെട്ടി'
പിണറായി വിജയന്‍, കെസി നന്ദനന്‍/ഫയല്‍
പിണറായി വിജയന്‍, കെസി നന്ദനന്‍/ഫയല്‍


ക്യാംപസ് കാലത്തെ കഥകള്‍ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഏറ്റുമുട്ടിയതോടെ ഒരിക്കല്‍ക്കൂടി ചര്‍ച്ചയായിരിക്കുകയാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയം. കൊലപാതക കേസുകളില്‍ വരെ പ്രതികളാണെന്ന് ഇരുപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍, അതിനോടു ചേര്‍ന്നു നില്‍ക്കുന്ന വെളിപ്പെടുത്തലുകളുണ്ട് ചരിത്രത്തില്‍. കണ്ണൂരില്‍ ഇടതു രാഷ്ട്രീയം ചേരി തിരിഞ്ഞ കാലത്തു നടന്ന അക്രമത്തിന്റെ സാക്ഷ്യമാണ്, സിപിഎമ്മില്‍നിന്നു പുറത്തുവന്ന കെസി നന്ദനന്‍ വിവരിക്കുന്നത്. സജി ജെയിംസ് എഴുതിയ 'ഇടതുപക്ഷം: പാര്‍ട്ടി വന്ന ആള്‍ വഴികള്‍'  എന്ന പുസ്തകത്തിലെ ആ അധ്യായം ചുവടെ: 


കൊടുങ്കാറ്റ് വിതച്ച അസംതൃപ്തികളുടെ കാലം

തളിപ്പറമ്പ് പട്ടണത്തില്‍ തൃച്ചംബരം ക്ഷേത്രത്തിനടുത്തുള്ള വാടകവീട്ടില്‍ കെ.സി. നന്ദനനെ കാണാന്‍ ചെല്ലുമ്പോള്‍ രാഷ്ട്രീയ ജീവിതത്തില്‍ പരാജയപ്പെട്ട ഒരാളെയാണ് പ്രതീക്ഷിച്ചത്. 
 ''ഒരു വര്‍ഷമായി കിടപ്പിലായിട്ട്, ഇതിപ്പൊ മാറും. ചില പദ്ധതികളൊക്കെയുണ്ട്.'' 
എന്തൊക്കെയാണാ പദ്ധതികള്‍ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചെറുതായൊന്ന് ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു ആറു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. 
''വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഇറങ്ങിത്തിരിച്ചതാണ് ഞാന്‍.'' 
കെ.സി. നന്ദനന്‍ എന്ന കിനാത്തൂര്‍ ചെങ്ങരക്കണ്ടോത്ത് നന്ദനന്‍ പറഞ്ഞുതുടങ്ങുന്നു: 
''കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കേയാണ് ഞാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനാകുന്നത്. ഞാന്‍ സെക്കന്റ് ഫോറത്തില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കാന്‍ തുടങ്ങിയിരുന്നു. അന്ന് കോണ്‍ഗ്രസ്സുകാരനായ ഒരദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ തല്ലി. തുടര്‍ന്ന്, കെ. നാരായണന്‍ ഉള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. അതിന്റെ പേരില്‍ നടന്ന സമരത്തിലാണ് ഞാന്‍ സജീവമായത്''
 കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ആദ്യകാല സംഘാടകരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു കെ.സി. നന്ദനന്‍. എന്‍.സി. മമ്മൂട്ടിയും പാട്യം കൃഷ്ണനും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് കണ്ണൂരില്‍ നേതൃത്വം നല്‍കുമ്പോള്‍ നന്ദനനും ആ നിരയില്‍  നിറഞ്ഞുനിന്നിരുന്നു. കെ.എസ്.എഫിന്റെ രൂപീകരണ നേതാക്കന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു നന്ദനന്‍. പത്താം ക്ലാസ്സ്് വരെയാണ് പഠിച്ചത്. പഠിക്കുന്ന സമയത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്‍കിയതിനാല്‍ പത്താംക്ലാസ്സ് പരാജയപ്പെട്ടു. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി.


''തൊഴിലാളികള്‍ക്കിടയിലായിരുന്നു എന്റെ ആദ്യത്തെ പ്രവര്‍ത്തനം. രണ്ട് വര്‍ഷം അത് തുടര്‍ന്നു. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാത്രമായി ശ്രദ്ധ.''
 അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ അംഗമായിരുന്ന നന്ദനന്‍ പാര്‍ട്ടി പിളര്‍പ്പിനുശേഷം സി.പി.ഐ.എമ്മില്‍ നിന്നു. എ.കെ.ജിയുടെ അനിതരസാധാരണമായ ഇടപെടലായിരുന്നു അന്ന് കണ്ണൂരില്‍ വന്‍ ജനവിഭാഗത്തെ സി.പി.ഐ.എമ്മിനൊപ്പം നിര്‍ത്തിയത്. നന്ദനന്‍ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ അംഗമായി. 
''പിളര്‍പ്പിനുശേഷം കല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ആ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. വിമര്‍ശനങ്ങളും ഒരുപാടുണ്ടായി. കാരണം, പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. ഇത് ഞങ്ങളെ അസ്വസ്ഥരാക്കി. നെഹ്‌റുവിനോടും നെഹ്‌റുവിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളോടും എടുക്കേണ്ട സമീപനത്തെപ്പറ്റിപ്പോലും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കൃത്യമായ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് കൂത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്ന വി.കെ. ചന്തു ഈ പോക്ക് ശരിയല്ല എന്നു പറഞ്ഞ് എ.കെ.ജിക്ക് കത്തെഴുതുക വരെയുണ്ടായി. ഞങ്ങളെല്ലാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം കേരളത്തിലേക്ക് മടങ്ങിയെങ്കിലും അതൃപ്തി വളര്‍ന്നു.''
 കെ.സി. നന്ദനന്‍ സൂചിപ്പിച്ച അതൃപ്തി വളര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ കൊടുങ്കാറ്റുകള്‍ രൂപംകൊള്ളാന്‍ കാരണമായി. തൂക്കുമരത്തെ തട്ടിയെറിഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയ കെ.പി.ആര്‍. ഗോപാലനായിരുന്നു ആ കൊടുങ്കാറ്റുകള്‍ക്കു മുന്‍പില്‍. കാന്തലോട്ട് കരുണന്‍, എ. ബാലകൃഷ്ണന്‍, അരയാക്കണ്ടി അച്ചുതന്‍ തുടങ്ങിയവരായിരുന്നു കെ.പി.ആര്‍. ബ്രിഗേഡിന്റെ മുന്‍നിരയില്‍. എം.വി. രാഘവന്‍ ആയിരുന്നു അന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. വിഭാഗീയത ശക്തമായി മാറിയപ്പോള്‍ നന്ദനനടക്കം നാലുപേര്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. കെ.പി.ആറും പിന്നെ അധികം നിന്നില്ല. 
''കൂത്തുപറമ്പില്‍ എന്റെ ഒരു സുഹൃത്തിന്റെ ലോഡ്ജില്‍ മിക്കവാറും സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ ചെന്നിരിക്കും. വെറുതെ ലോക കാര്യങ്ങളൊക്കെ പറഞ്ഞങ്ങനിരിക്കും. അന്ന് സംസാരിച്ചു സമയം പോയി. എന്റെ കൂടെയുണ്ടായിരുന്ന ആള്‍ വീട്ടില്‍ പോയി തിരികെ വരാമെന്നു പറഞ്ഞ് മാറിയതും ഒരു സംഘം എന്നെ ആക്രമിച്ചു. എന്റെ കാലുകളായിരുന്നു അവര്‍ ലക്ഷ്യം വച്ചത്. ഞാന്‍ ഓടിനടന്ന് പ്രസംഗിക്കരുതെന്നായിരിക്കും അവര്‍ ഉദ്ദേശിച്ചത്. ആ ആക്രമണത്തിന് അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. രാഘവന്റെ ഒത്താശയുണ്ടായിരുന്നു. മറ്റൊരിക്കല്‍ കെ.പി.ആറിനെ സ്വീകരിക്കാനായി തലശ്ശേരി റെയില്‍വേസ്‌റ്റേഷനില്‍ കാറുമായി എത്തിയ എന്നെയും അരയാക്കണ്ടിയേയും പിണറായി വിജയന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. വിജയന്‍ കാറിനകത്ത് ഇരിക്കുകയായിരുന്ന എന്റെ മുടിയില്‍ പിടിച്ചുവലിച്ചു കൊടുത്തു. മറ്റൊരാള്‍ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞുവെട്ടി. വെട്ടിയ വാള്‍  തെറിച്ചുപോയി അരയാക്കണ്ടി അച്ചുതന്റെ കഴുത്തിലാണ് കൊണ്ടത്. മുറിവുപറ്റി. സംഭവം നടന്നത് രാത്രിയായിരുന്നതുകൊണ്ട് ആക്രമിച്ചവര്‍ എന്റെ കഴുത്ത് പോയി എന്ന് പറഞ്ഞു ഓടി രക്ഷപ്പെട്ടു. അന്ന് രാത്രി  അച്ചുതനേയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നെങ്കിലും വേണ്ട ചികിത്സ നല്‍കാന്‍ ആശുപത്രിക്കാര്‍ തയ്യാറായില്ല. പിന്നെ അവിടെനിന്നും ഇറങ്ങി റോഡില്‍ പോയി. അവിടെ ഒരു വശത്ത് അങ്ങനെയിരുന്നു. അച്ചുതന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ചോരയില്‍ കുതിര്‍ന്നിരുന്നു. എന്താണെന്ന് അന്വേഷിച്ചു വരുന്നവരോടൊക്കെ ഞാന്‍ സംഭവം വിവരിക്കാന്‍ തുടങ്ങി. അങ്ങനെ വെളുക്കും വരെ ഇരുന്നപ്പോഴാണ് കെ.പി.ആര്‍ എത്തിയത്. വിവരം അറിഞ്ഞ് അദ്ദേഹം രോഷാകുലനായി. ബസ് തൊഴിലാളികളുടെ നേതാവായിരുന്നല്ലോ അന്ന് കെ.പി.ആര്‍. കുറച്ച് തൊഴിലാളികളേയും കൂട്ടി ആദ്യം ചികിത്സ നിഷേധിച്ച ആശുപത്രിയില്‍ ചെന്നു. കെ.പി.ആറിന്റെ ശൗര്യം കണ്ട് ഭയന്ന ആശുപത്രി ഡോക്ടര്‍മാര്‍ അച്ചുതനു വേണ്ട ചികിത്സ നല്‍കാന്‍ അന്ന് തയ്യാറായി.'' 
 പിണറായി വിജയന്‍ ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നടന്ന ഈ സംഭവം പറഞ്ഞപ്പോള്‍ നന്ദനന്‍ മറ്റൊരു കഥകൂടി അതിനൊപ്പം കൂട്ടിച്ചേര്‍ത്തു: 
 ''കെ.പി.ആറിനൊപ്പം ചേര്‍ന്ന ഞങ്ങള്‍ തലശ്ശേരിയില്‍ ഒരു രഹസ്യയോഗം കൂടാന്‍ തീരുമാനിച്ചു. ടി.സി. ഉമ്മറിന്റെ വീട്ടിലായിരുന്നു യോഗം. ഞങ്ങള് പത്ത് നാല്‍പ്പതാളുണ്ട്. അക്കൂട്ടത്തില്‍ വിജയനുമുണ്ട്. യോഗം വെളുപ്പിനെ മൂന്ന് മണിക്കാണ് അവസാനിച്ചത്. യോഗം തീര്‍ന്ന് വീട്ടിലേക്കു പോകാന്‍ വിജയനെ അന്വേഷിച്ചപ്പോള്‍ കാണുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോളറിഞ്ഞത് യോഗം തീരും മുന്‍പേ അദ്ദേഹം സി.പി.ഐ.എം. ക്യാമ്പില്‍ തിരിച്ചെത്തിയെന്നാണ്.''
  കെ.പി.ആര്‍ വിപ്ലവ പാര്‍ട്ടിയുണ്ടാക്കി. രണ്ട് വര്‍ഷം അതിനൊപ്പം നന്ദനന്‍ നടന്നു. ഇതിനിടയില്‍ കേരളത്തില്‍ നക്‌സല്‍പ്രസ്ഥാനം ശക്തിപ്പെട്ടു. കാന്തലോട്ട് കരുണനും അരയാക്കണ്ടി അച്ചുതനും പ്രസ്ഥാനത്തില്‍ നേരിട്ട് ഇടപെട്ടു. കെ.പി.ആറിന്റെ പ്രസ്ഥാനം കെ.പി.ആറിലൊതുങ്ങി. മികച്ച സംഘാടകനും പ്രാസംഗികനുമായ കെ.സി. നന്ദനന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഏകാന്തതയുടെ ചുഴിയില്‍പ്പെട്ടു. ആ ഏകാന്തതയില്‍നിന്നാണ് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി)യുടെ തട്ടകത്തിലേക്ക് എത്തുന്നത്. ഒറ്റപ്പെടലില്‍നിന്നു് രക്ഷപ്പെടാനൊരു മാര്‍ഗ്ഗം എന്ന നിലയില്‍ സുഹൃത്തായ ആര്‍.എസ്. ഉണ്ണിയാണ് കെ.സി. നന്ദനനെ ആര്‍.എസ്.പിയിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. കെ.കെ. കുമാരപിള്ള നേരിട്ട് കൂത്തുപറമ്പിലെ വീട്ടിലെത്തി ആര്‍.എസ്.പിയില്‍ അംഗത്വം നല്‍കി.
 ''ശ്രീകണ്ഠന്‍ ചേട്ടനും ബേബിജോണും കുമാരപിള്ളയുമൊക്കെ ഉള്‍പ്പെടുന്ന വലിയൊരു കുടുംബമായിരുന്നു അന്നത്തെ ആര്‍.എസ്.പി. അന്ന് ഞാന്‍ കേരളമൊട്ടാകെ പ്രസംഗിക്കാന്‍ പോകുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആര്‍.എസ്.പിയില്‍ ആഭ്യന്തരക്കുഴപ്പം. ശ്രീകണ്ഠന്‍ ചേട്ടനും ബേബിജോണും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നെയും കുറേനാള്‍ കഴിഞ്ഞപ്പോള്‍ രണ്ടുപേരും ഒന്നിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും എനിക്ക് മടുത്തിരുന്നു. അന്ന് അവര്‍ ഒന്നിച്ച ഐക്യസമ്മേളനത്തില്‍വച്ച് ഞാന്‍ പാര്‍ട്ടി വിട്ടു.''
 ആര്‍.എസ്.പിയില്‍ നിന്നുകൊണ്ട് കെ.സി നന്ദനന്‍, കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുപ്പില്‍ നേരിട്ടിരുന്നു. 1982-ല്‍ രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പില്‍ കോടിയേരി പതിനേഴായിരം വോട്ടുകള്‍ക്കാണ് വിജയിച്ചത്.
 ചരിത്രം വീണ്ടും തലകുത്തിമറിഞ്ഞു. കണ്ണൂരിലെ സി.പി.ഐ.എമ്മിന്റെ അനിഷേധ്യനെന്നു കരുതിയ നേതാവ് എം.വി. രാഘവന്‍ പാര്‍ട്ടിക്കു പുറത്തായി. കണ്ണൂരിലൊട്ടാകെ തന്റെ പുതിയ പാര്‍ട്ടിക്ക് വേരുണ്ടാക്കാന്‍ ഓടിനടന്ന രാഘവന്‍ ഒരു ദിനം അപ്രതീക്ഷിതമായി കൂത്തുപറമ്പിലെ നന്ദനന്റെ വീട്ടില്‍ എത്തി. കൂടെ രാഘവനൊപ്പം സി.പി.ഐ.എം വിട്ട സി.പി. മൂസ്സാന്‍കുട്ടിയും. ഒരിക്കല്‍ നന്ദനനെ പുറത്താക്കാനും കായികമായി ആക്രമിക്കാനുമൊക്കെ നേതൃത്വം നല്‍കിയ രാഘവന്‍ നന്ദനന്റെ മുന്‍പില്‍ എത്തുമ്പോള്‍ ഭൂതകാലത്തിനു പ്രസക്തിയുണ്ടായിരുന്നില്ല. 
 ''അതല്ലേ രാഷ്ട്രീയം. പിന്നെ രാഘവന് എന്തൊക്കെ കുഴപ്പങ്ങള്‍ പറയാനുണ്ടെങ്കിലും വീരനാണ്. ആത്മാര്‍ത്ഥതയുള്ളവനാണ്. അന്ന് രാഘവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതൊക്കെയേ നടക്കുമായിരുന്നുള്ളൂ''- നന്ദനന്റെ മറുപടി. 
 സി.എം.പിയിലേക്കുള്ള ക്ഷണത്തിന് ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് അനുകൂലമായ മറുപടി നല്‍കി. 
 ''അന്ന് കുഴപ്പംപിടിച്ച സമയമായിരുന്നു. വീട്ടില്‍ ഭാര്യ ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തി. സി.എം.പിയുടെ വരവില്‍ സി.പി.ഐ.എം അത്രകണ്ട് ബേജാറായിരുന്നു. ഏതായാലും ഞാന്‍ സി.എം.പിയില്‍ ചേരാന്‍ തീരുമാനിച്ചു. ഒരു ദിവസം രാഘവന്‍ എന്നെ വിളിച്ചു. നന്ദനന്‍ ജില്ലാക്കമ്മിറ്റിക്ക് വരണം. ഞാന്‍ ചെന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു സംസ്ഥാന കമ്മിറ്റിയുണ്ട്, നന്ദനന്‍ സംസ്ഥാനകമ്മിറ്റി അംഗമാകണം. ആയ്‌ക്കോട്ടെ, ഞാന്‍ പോയി. പിന്നെന്താ, ആ പാര്‍ട്ടിയും രൂപീകരിച്ച കാലത്തേതുപോലയല്ല ഇപ്പോള്‍. ഞാന്‍ ഒട്ടും സംതൃപ്തനല്ല. ഇപ്പഴും അവടെത്തന്നെ,'' നന്ദനന്‍ പറഞ്ഞു. 
 നന്ദനന്റെ രാഷ്ട്രീയ ജീവിതയാത്രയില്‍ സംതൃപ്തി നല്‍കിയ കാലം അപ്പോള്‍ ഏതായിരിക്കും? 
 ''കെ.പി.ആര്‍. ഗോപാലനൊപ്പം വിപ്ലവസംഘം രൂപീകരിച്ചുകഴിഞ്ഞ കുറച്ചുകാലം. കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയായിരിക്കണമെന്ന് കെ.പി.ആര്‍ പഠിപ്പിക്കുകയും അതേപോലെ ജീവിക്കുകയും ചെയ്ത ആ കാലത്താണ് സംതൃപ്തി തോന്നിയിട്ടുള്ളത്. ഇപ്പോള്‍ കമ്യൂണിസ്റ്റും കോണ്‍ഗ്രസ്സും തമ്മിലൊക്കെ എന്താ വ്യത്യാസം? എല്ലാം ഒരു പോലായില്ലേ.'' 
 ഒരുകാലത്ത് രാഷ്ട്രീയ കേരളം കെ.സി. നന്ദനന്റെ പ്രസംഗം കേട്ട് കോരിത്തരിച്ച് നിന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാസംഗികരില്‍ മുന്‍പനായിരുന്നു നന്ദനന്‍. ജില്ലയിലെ പ്രസംഗവേദികളില്‍ നിറഞ്ഞുനിന്ന നന്ദനന്‍ സി.എം.പിയില്‍ സജീവമായിരുന്ന കാലത്ത് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനു മുന്നില്‍നിന്ന് സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ച് സംസാരിച്ചത് രാഷ്ട്രീയ ചരിത്രത്തിലെ യാദൃച്ഛികതകളിലൊന്നായിരുന്നു. 
 ''അത് രാഘവന്‍ കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്താണ്. എനിക്കവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്നു. രാഘവനെ കൊലയാളി എന്ന് സി.പി.ഐ.എമ്മുകാര്‍ അപഹസിക്കുന്ന കാലമാണ്. ഞാന്‍ ഏ.കെ.ജി സെന്ററിനു മുന്നില്‍ മൈക്ക് വച്ച് പ്രസംഗിച്ചു: ''രാഘവന്‍ ആരെയും കൊന്നിട്ടില്ല. പക്ഷേ, പിണറായി വിജയന്‍ ആര്‍.എസ്.എസ്സുകാരനെ കൊലപ്പെടുത്തിയതില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. നിഷേധിക്കാമോ വിജയന്? എന്റെ പ്രസംഗം കേള്‍ക്കാന്‍ വിജയനവിടെ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, എം.എ. ബേബി അത് കേള്‍ക്കാന്‍ സെന്ററിന്റെ വാതില്‍ക്കല്‍ ഇറങ്ങിനിന്നു.'' 
 കെ.പി.ആറിന്റെ പഴയ ശിഷ്യന് ഇക്കഥകള്‍ പറയുമ്പോള്‍ പഴയ വീറ് വീണ്ടും ഉണര്‍ന്നു. 
 ''പി. കൃഷ്ണപിള്ളയില്‍നിന്നാണ് ഞാന്‍ രാഷ്ട്രീയം പഠിച്ചിട്ടുള്ളത്. ടി.കെ. രാജുവിന്റെ വീട്ടില്‍ സഖാവ് പലപ്പോഴും വരികയും ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തപ്പോള്‍ ഞാനുമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരനുവേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പഠിപ്പിച്ചത് എ.കെ.ജിയാണ്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ദു:ഖമൊന്നും തോന്നാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയം കാണുമ്പോള്‍ അല്പം നിരാശ തോന്നും. അത്രതന്നെ.''
 കെ.സി. നന്ദനന്‍ പരാജയപ്പെട്ട രാഷ്ട്രീയക്കാരനല്ല. ഉറപ്പിക്കാം. വാക്കുകളുടെ മൂര്‍ച്ചയും സ്ഥൈര്യവും അല്പം പോലും നഷ്ടപ്പെടാത്ത വിപ്ലവകാരി. സംസാരം കൂടിയപ്പോള്‍ അല്പം വയ്യായ്കയായോ എന്ന സംശയത്താല്‍ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു ഞാന്‍ പുറത്തേക്കിറങ്ങി.


                                                                                    ംംം
 2011 ഫെബ്രുവരി മാസം അദ്ദേഹത്തെ തളിപ്പറമ്പിലെ വാടകവീട്ടില്‍ കാണുമ്പോള്‍ പ്രായം  എഴുപത്തിയൊന്നായിരുന്നു. പക്ഷാഘാതത്താല്‍ കിടക്കയിലായിരുന്നു. 2017 മാര്‍ച്ച് 31-ന് അദ്ദേഹം അന്തരിച്ചു. മരിക്കുന്നതിനുമുന്‍പ് അദ്ദേഹത്തെ കാണാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ എത്തിയത് രാഷ്്്ട്രീയത്തിലെ കാവ്യനീതിയായി. അന്ന്് സി.പി.എം ജില്ലാസെക്രട്ടറിയായിരുന്ന പി. ജയരാജനും പാര്‍ലമെന്റംഗമായിരുന്ന കെ.കെ. രാഗേഷിനുമൊപ്പം നന്ദനനെക്കാണാന്‍ എത്തിയ പിണറായി വിജയന്‍ അനിഷേധ്യനായ ആ വിപഌവകാരിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചിരുന്നു. ആ നിമിഷങ്ങളില്‍ ഒരുപക്ഷേ, പതിറ്റാണ്ടുകളുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ ഏടുകളായിരിക്കാം അവരുടെ മനസ്സിലൂടെ കടന്നുപോയത്. കാലത്തേയും ചരിത്രത്തേയും സാക്ഷിനിര്‍ത്തി ആ അവസാനത്തെ കൂടിക്കാഴ്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com