പ്ലസ് വണ്‍ പരീക്ഷ : കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ; പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലും നാളെ വാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 01:21 PM  |  

Last Updated: 21st June 2021 01:21 PM  |   A+A-   |  

Supreme Court On Sedition

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്ന വിഷയത്തിൽ കേരള സർക്കാരിനോട് നിലപാട് തേടി സുപ്രീംകോടതി. നാളെ നിലപാട് അറിയിക്കാനാണ് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചത്.  നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു. 

എന്നാല്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാർ ആവശ്യപ്പെട്ടു. കേസിൽ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. 

അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്  മാത്രമാണ് നിലവില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഏക സംസ്ഥാനം.