കസ്റ്റംസ് പിടികൂടിയത് അപകടത്തില്‍പ്പെട്ട സംഘം കവരാന്‍ ലക്ഷ്യമിട്ട സ്വര്‍ണമെന്ന് പൊലീസ്

കരിപ്പൂരില്‍ കസ്റ്റംസ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത് രാമനാട്ടുകരയില്‍ അപകടത്തില്‍ പെട്ട സംഘം  കവരാന്‍ ലക്ഷ്യമിട്ട സ്വര്‍ണമാണെന്ന് പൊലീസ്
അപകടത്തില്‍പ്പെട്ട വാഹനം
അപകടത്തില്‍പ്പെട്ട വാഹനം



കോഴിക്കോട്:കരിപ്പൂരില്‍ കസ്റ്റംസ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത് രാമനാട്ടുകരയില്‍ അപകടത്തില്‍ പെട്ട സംഘം  കവരാന്‍ ലക്ഷ്യമിട്ട സ്വര്‍ണമാണെന്ന് പൊലീസ്. കവര്‍ച്ച സംഘത്തിനെതിരെ ഐപിസി 399 പ്രകാരം കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ നാളെ കോടതിയില്‍ ഹാജരാക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങാനായി എത്തിയ കൊടുവളളിയില്‍ നിന്നുളള സംഘവും അവരില്‍  നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ചെര്‍പുളശേരിയില്‍ നിന്നുളള സംഘവും തമ്മില്‍ രാമനാട്ടുകരയില്‍ ഏറ്റുമുട്ടലുണ്ടാവുകയും വാഹനാപകടത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

അഞ്ച് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ ചെര്‍പുളശേരിയില്‍ നിന്നുളള സംഘം പിന്തുടര്‍ന്നപ്പോഴാണ് ഇവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കോഴിക്കോട് ഫറോഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുളളവര്‍ക്കായി അന്വേഷണം തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ 4.45നാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പുളശേരി സ്വദേശികളായ  മുഹമ്മദ് ഷഹീര്‍,  നാസര്‍,  താഹിര്‍ഷാ, അസ്സൈനാര്‍ , സുബൈര്‍ എന്നിവരാണ് മരിച്ചത്. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. 

കൊടുവളളിയില്‍ നിന്നുളള സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പുളശേരിയില്‍ നിന്നുളള സംഘത്തിന്റെ ലക്ഷ്യം. കൊടുവളളി സ്വദേശി മെയ്തീന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. 

കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവളളിയില്‍ നിന്നുളള സംഘം മടങ്ങി.  ഇവരുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന ധാരണയില്‍ ചെര്‍പുളശേരി സംഘം പിന്തുര്‍ന്നു. എന്നാല്‍ ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com