ആര്‍ടി- പിസിആര്‍ നിരക്കില്‍ മാറ്റമില്ല; ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി 

കോവിഡ് രോഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കേരള ഹൈക്കോടതി/ഫയല്‍
കേരള ഹൈക്കോടതി/ഫയല്‍

കൊച്ചി: കോവിഡ് രോഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആര്‍ടി- പിസിആര്‍ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് കൊണ്ടാണ് ലാബുടമകളുടെ ഹര്‍ജികള്‍ തള്ളിയത്. ഇതിനെതിരെ ലാബുടമകള്‍ നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബഞ്ചും തള്ളിയത്.

പ്രതിസന്ധി ഘട്ടത്തില്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇത് മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്നും ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു. നിരക്ക് കുറയ്ക്കാന്‍ അധികാരം ഡ്രഗ്സ് കണ്‍ട്രോളര്‍ക്കാണ്. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആരാഞ്ഞില്ലെന്നും ലാബുടമകള്‍ വാദിച്ചു. എന്നാല്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിശോധനാനിരക്ക് കുറച്ചതെന്നും നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു. വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ അപ്പീല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com