ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലില്ലെന്ന് ഗതാഗതമന്ത്രി ; കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസിന് തുടക്കം

കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു
മന്ത്രി ആന്റണി രാജു, ആദ്യ എൽഎൻജി ബസ് പുറപ്പെടുന്നു/ ഫെയ്സ്ബുക്ക്
മന്ത്രി ആന്റണി രാജു, ആദ്യ എൽഎൻജി ബസ് പുറപ്പെടുന്നു/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധന വില കുതിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അജണ്ടയിലില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കും. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. 

കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണ സര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്. 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജിയുടെ രണ്ട് ബസ്സുകളാണ് പരീക്ഷണ സര്‍വ്വീസിന് കെഎസ്ആര്‍ടിസിക്ക് വിട്ടുനല്‍കിയിരിക്കുന്നത്. ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിന് ഉത്തരവായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com