വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ; പി കെ ശ്രീമതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2021 04:32 PM  |  

Last Updated: 22nd June 2021 04:32 PM  |   A+A-   |  

sreemathi-vismaya

വിസ്മയ, പി കെ ശ്രീമതി


കണ്ണൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി ടീച്ചര്‍. 'ആചാരങ്ങളില്‍ മാറ്റം വരണം. വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടിലേക്കുവരട്ടെ. ഞങ്ങളുടെ കണ്ണൂരില്‍ മുസ്ലിം കുടുംബങ്ങളിലെ ആചാരം പോലെ.' എന്ന് ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

'കണ്ണില്‍ ചോരയില്ലാത്തവര്‍. കാട്ടുമ്യഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്ത്തും.  പെണ്‍കുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്. ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ.' പോസ്റ്റില്‍ പറയുന്നു. 

'അപരിചിതമായ ഭര്‍ത്ത്യവീട്ടില്‍ പൊന്നും പണവുമായി പെണ്‍കുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവന്‍ ചിലവഴിക്കണം.  അവള്‍ ജോലി ചെയ്യ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം. പെണ്മക്കളെ വളര്‍ത്തി പഠിപ്പിച്ച് ഒരു ജോലിയുമായാല്‍ വിവാഹം.  വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെണ്‍പണം ചോദിക്കുന്ന വരന്റെ മാതാപിതാക്കള്‍. നിവ്യത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത് മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട് ദുരഭിമാനത്തോടെ ഞെളിഞ്ഞ് നില്‍ക്കുന്ന വധുവിന്റെ രക്ഷാകര്‍ത്താക്കള്‍.  ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കില്‍ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ എത്രയായിരം പേര്‍?

ഇങ്ങനെ ഭര്‍ത്ത്യ വീട്ടില്‍ അയക്കപ്പെട്ട പല പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഡനവും.ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് നമുക്ക് ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്. ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണു പണം കൊടുക്കേണ്ടത്. ഇനി അതല്ലെങ്കില്‍ വിവാഹം കഴിഞ്ഞാല്‍ വരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു താമസിക്കട്ടെ. പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല. പെണ്‍കുട്ടിയുടെ  ജീവനു സുരക്ഷിതത്വവുമുണ്ടാകും.'- പോസ്റ്റില്‍ പറയുന്നു.