പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെല്‍റ്റ പ്ലസ് വൈറസ്; പാലക്കാട് രണ്ട് പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടും

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം


പാലക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദംമൂലം നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ അടച്ചിടുന്നതെന്ന് കലക്ടര്‍ അറിയിച്ചു. 

പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അതിര്‍ത്തികള്‍ അടച്ചിടുന്നതിനും, പൊതുജന സഞ്ചാരം, വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. 

കൂടാതെ ഒരു എന്‍ട്രി, ഒരു എക്‌സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മറ്റു വഴികള്‍ അടച്ചിടാന്‍ സംയുക്തമായി നടപടികള്‍ സ്വീകരിക്കണം. പ്രസ്തുത പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാല്‍ പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീന്‍ - ഇറച്ചി  കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 

ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കുകയും ബന്ധപ്പെട്ട  സജ്ജീകരണങ്ങള്‍ ഒരുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഈ പഞ്ചായത്തുകളില്‍ നിയോഗിച്ചിട്ടുള്ള  സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com