പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
പൂവച്ചൽ ഖാദർ /ചിത്രം: ഫേസ്ബുക്ക്
പൂവച്ചൽ ഖാദർ /ചിത്രം: ഫേസ്ബുക്ക്

തിരുവന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12:15ഓടെയായിരുന്നു അന്ത്യം. 

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം ഇന്നു വൈകീട്ട് പൂവച്ചൽ ജുമാ മസ്ജിദിൽ. 

മൂന്നു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മൂന്നൂറോളം ചിത്രങ്ങളിലായി രണ്ടായിരത്തോളം ​ഗാനങ്ങളെഴുതി. നാഥാ നീവരും കാലൊച്ച(ചാമരം), ‘അനുരാഗിണി ഇതായെൻ...’ (ഒരു കുടക്കീഴിൽ), പൂമാനമേ ഒരു രാഗമേഘം താ... (നിറക്കൂട്ട്), ‘ഏതോ ജന്മ കൽപനയിൽ...’ (പാളങ്ങൾ), നീയെന്റെ പ്രാർത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) തുടങ്ങി മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഖാദറിന്റെ അനശ്വര ഗാനങ്ങൾ ഏറെയാണ്. 

1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി, ഭരതൻ, പത്മരാജൻ തുടങ്ങി പ്രമുഖരോടൊപ്പം പ്രവർത്തിച്ചു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com