കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു ; അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2021 03:42 PM  |  

Last Updated: 22nd June 2021 04:09 PM  |   A+A-   |  

vismaya_kiran

വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ശാസ്താംകോട്ടയില്‍ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് വിംഗിലായിരുന്നു ഇയാള്‍. 

കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കിരണ്‍കുമാറിനെ അന്വേഷണ വിധേയമായിസര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. 

കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും.  അതിനിടെ വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹർഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും.

സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കും.  പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.