ലോക്ക്ഡൗണില്‍ ഇളവില്ല; ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍, കൂടുതല്‍ മേഖലകളില്‍ ട്രിപ്പിള്‍ 'പൂട്ട്' 

രോഗസ്ഥിരീകരണ നിരക്ക് 24ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഈ ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു. അതേസമയം രോഗസ്ഥിരീകരണ നിരക്ക് 24ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനു വേഗം പോരെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് യോഗം വിലയിരുത്തിയത്. 

നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഈയാഴ്ച ഇത് 24 ശതമാനത്തിനു മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായെന്നു സൂചനയുണ്ട്. ഇതനുസരിച്ച് കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിനു കീഴില്‍ വരും. 

ടിപിആര്‍ എട്ടു ശതമാനം വരെ എ വിഭാഗവും എട്ടു മുതല്‍ 16 വരെ ബി വിഭാഗവും 16 മുതല്‍ 24 വരെ സി വിഭാഗവും ആയി ആയിരിക്കും ഈയാഴ്ച നിയന്ത്രണങ്ങള്‍. ഈയാഴ്ച ഏതൊക്കെ പ്രദേശങ്ങളില്‍ എങ്ങനെയായിരിക്കും നിയന്ത്രണങ്ങളെന്ന പട്ടിക ഇന്നു പുറത്തുവിടും. ഇന്നത്തെ ടിപിആര്‍ അനുസരിച്ചായിരിക്കും മേഖലകള്‍ തരംതിരിക്കുക.

അടുത്ത ബുധനാഴ്ചയാണ് വീണ്ടും അലലോകന യോഗം നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com