ജാനുവിന് 25 ലക്ഷം കൂടി കൈമാറി, എല്ലാം ആര്‍എസ്എസിന്റെ അറിവോടെ ; പ്രസീത അഴിക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള പുതിയ ശബ്ദരേഖ പുറത്ത്

പണം കൈമാറിയത് മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വെച്ചാണ്
സി കെ ജാനു, കെ സുരേന്ദ്രൻ
സി കെ ജാനു, കെ സുരേന്ദ്രൻ

കോഴിക്കോട് : ബിജെപിയെ വെട്ടിലാക്കി സി കെ ജാനുവിന് പണം നല്‍കിയതിന്റെ പുതിയ ശബ്ദരേഖ പുറത്ത്. ജനാധിപത്യ രാഷ്ട്രീയസഭ ട്രഷറര്‍ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. നേരത്ത നല്‍കിയത് കൂടാതെ, ജാനുവിന് 25 ലക്ഷം രൂപയാണ് നല്‍കിയത്. ആര്‍എസ്എസിന്റെ അറിവോടെയാണ് പണം നല്‍കിയത്. 

മാര്‍ച്ച് 25 നാണ് കെ സുരേന്ദ്രന്‍ പ്രസീതയെ വിളിക്കുന്നത്. പണം കൈമാറിയത് മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വെച്ചാണ്. പണം ഏര്‍പ്പാടാക്കിയത് ആര്‍എസ്എസ് പ്രതിനിധിയായ ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്ന് കെ സുരേന്ദ്രന്‍ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

പണം കൊണ്ടുവന്നത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ്. തുണിസഞ്ചിയില്‍ പൂജാ സാധനങ്ങള്‍ എന്ന വ്യാജേനയാണ് പണം എത്തിച്ചത്. സി കെ ജാനുവാണ് പണം കൈപ്പറ്റിയതെന്നും പ്രസീത അഴീക്കോട് പറയുന്നു. 

സഞ്ചിയിൽ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നു പറഞ്ഞു.  അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ല. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. സി കെ ജാനു ഞങ്ങള്‍ക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ കെ സുരേന്ദ്രന്‍ ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റാണ് ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുല്‍ത്താന്‍ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. പിന്നീട് ബാലുശ്ശേരി തരാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും പ്രസീത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com