ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, അറസ്റ്റു ചെയ്തേക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 23rd June 2021 08:14 AM |
Last Updated: 23rd June 2021 08:29 AM | A+A A- |

ആയിഷ സുല്‍ത്താന/ഫയല്‍ ചിത്രം
കവരത്തി; രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത യുവസംവിധായിക ആയിഷ സുൽത്താനയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കവരത്തി പൊലീസ് നോട്ടീസ് നൽകി. ഇന്ന് ആയിഷയെ അറസ്റ്റു ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അറസ്റ്റു ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്.
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ദ്വീപിലെ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിന് കളക്ടർ താക്കീത് നൽകുകയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസും നൽകി.
ആയിഷ ദ്വീപിലെ ഹോം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർ എസ്. അസ്‌കർ അലിയാണ് നോട്ടീസ് നൽകിയത്. ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തൽ. ഐഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദർശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.