ഡെല്‍റ്റ പ്ലസ്: കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, പരിശോധന ശക്തമാക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 02:50 PM  |  

Last Updated: 23rd June 2021 02:50 PM  |   A+A-   |  

delta plus variant

കടപ്ര പഞ്ചായത്ത്‌

 

പത്തനംതിട്ട: കോവിഡ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കടപ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഒരുകുട്ടിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥീരീകരിച്ചത്. കോളനി മേഖലയില്‍ കോവിഡ് ബാധിച്ച 17 പേരെ പരിശോധിച്ചപ്പോഴാണ് ഒരാള്‍ക്ക് ഡെല്‍റ്റപ്ലസ് കണ്ടെത്തിയത്. ഇന്നലെ വരെ പതിനാലാം വാര്‍ഡിലായിരുന്നു നിയന്ത്രണം.ഇന്നു മുതല്‍ പഞ്ചായത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡെല്‍റ്റ പ്ലസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

പഞ്ചായത്തില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്ന തോതിലാണ്. 26.5 ആണ് ടിപിആര്‍ നിരക്കാണ്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മുഴുവന്‍സമയ നിരീക്ഷണത്തിനായി പൊലീസുണ്ട്. ഒരാഴ്ച നിയന്ത്രണം തുടരുമെന്ന് തിരുവല്ല ഡിവൈഎസ്പി സുനീഷ്ബാബു പറഞ്ഞു. ഇന്നുമുതല്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് ജീനോമിക് പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കും. എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണവുമായി അനൗണ്‍സ്‌മെന്റ് നടത്തുമെന്ന് കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ പറഞ്ഞു.