'സ്ത്രീധന മോഹികള്‍ കടക്ക് പുറത്ത്; 'വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല'; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധം

സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം പുറത്തുവരുമ്പോള്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌


കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം പുറത്തുവരുമ്പോള്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍. 'സ്ത്രീധനം ചോദിച്ചു വരുന്നവര്‍ കടക്ക് പുറത്ത്' എന്ന പോസ്റ്ററുകള്‍ വീടുകള്‍ക്ക് മുന്നില്‍ ഒട്ടിച്ച് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് എഐഎസ്എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദി പ്രവര്‍ത്തകര്‍. 

'വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല','സ്ത്രീ വളര്‍ത്തി വില്‍ക്കേണ്ട ഒന്നല്ല' തുടങ്ങി നിരവധി പോസ്റ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ വീടുകളിലും പൊതു നിരത്തുകളിലും പതിച്ചിരിക്കുന്നത്. 

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ, നിരവധി പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പുറത്തുവന്നിരുന്നു. സ്ത്രീധന പീഡനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു. 

ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് പരാതി നല്‍കാനായി രൂപീകരിച്ച ഹെല്‍പ്പ് ലൈനുകളിലേക്ക് ഇന്നുമാത്രം ലഭിച്ചത് 200മുകളില്‍ പരാതികളാണ്. ഏകദേശം 108 പരാതികളാണ് സ്റ്റേറ്റല്‍ നോഡല്‍ ഓഫീസര്‍ നിശാന്തിനി ഐപിഎസിന് ഫോണിലൂടെ മാത്രം ലഭിച്ചത്.  76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്? പൊലീസ്? അറിയിച്ചു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് 'അപരാജിത ഓണ്‍ലൈന്‍' സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്. ഇത്തരം പരാതികളുള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com