കിരണ്‍ കൂടുതല്‍ അക്രമം നടത്തിയിരുന്നത് സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോള്‍ : വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 01:08 PM  |  

Last Updated: 23rd June 2021 01:08 PM  |   A+A-   |  

Vismaya, kiran kumar

വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍

 

കൊല്ലം : സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കിരണ്‍ കൂടുതല്‍ അക്രമം നടത്താറുള്ളതെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുഹൃത്തുക്കളില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തില്‍ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിസ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

കിരണ്‍ ജനുവരി രണ്ടിന് തന്റെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായർ ആവശ്യപ്പെട്ടു. അന്ന് ആ കേസ് ഒത്തുതീര്‍പ്പാക്കിയത് സിഐ ആണ്. കേസ് ഒത്തുതീര്‍പ്പാക്കുന്നുണ്ടെങ്കിലും ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് അവനില്‍ നിന്ന് എഴുതി ഒപ്പിടിച്ച് വാങ്ങിക്കുമെന്ന് സിഐ പറഞ്ഞിരുന്നു. കിരണിന്റെ കൂടെ ജോലി ചെയ്തിരുന്ന മോട്ടാര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ മുകേഷ് അന്ന് വീട്ടില്‍ വന്ന് കേസ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

ഇനിയൊരു പ്രശ്‌നവും അവന്‍ ഉണ്ടാക്കില്ലെന്ന് ആ ഉദ്യോഗസ്ഥന്‍ ഞങ്ങളോട് അപേക്ഷിച്ചതാണ്. അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടി കൊല്ലപ്പെട്ടത്. അവനെതിരെയും കേസെടുക്കണം. വീട്ടിലെ അക്രമത്തിന് ശേഷം ശരത്‌ലാല്‍ എന്ന എസ്‌ഐയെ കിരണ്‍ മര്‍ദിച്ചിട്ട് പോലും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിന് പിന്നില്‍ എന്ത് ഇടപെടലാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അന്നത്തെ അക്രമത്തിന് ശേഷവും കിരൺ സർക്കാർ ജോലിയിൽ തുടരാൻ കാരണം ഭാര്യയുടെ ദയ കൊണ്ടാണെന്നും വിസ്മയയുടെ ബന്ധുക്കൾ പറഞ്ഞു. വിസ്മയയുടെ സഹോദരനെയും തുടർന്ന് പൊലീസിനെയും മർദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. എന്നാൽ ജോലി കളയേണ്ട ചേട്ടാ. നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട എന്ന് വിസ്മയ പറഞ്ഞതിനെ തുടർന്നാണ് പിൻവാങ്ങിയതെന്ന് സഹോദരൻ വിജിത്ത് പറഞ്ഞു.