കെപിസിസി പുനഃസംഘടന; ജംബോ കമ്മിറ്റി വേണ്ട; നേതാക്കള്‍ക്കിടയില്‍ ധാരണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 02:39 PM  |  

Last Updated: 23rd June 2021 02:39 PM  |   A+A-   |  

K Sudhakaran

കെ സുധാകരന്‍/ഫയല്‍


തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ ജംബോ കമ്മിറ്റി വേണ്ട എന്നതില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായി. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ അംഗങ്ങളുെട എണ്ണം തീരുമാനിക്കും. രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. എണ്ണം വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയില്‍ പുനസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.  പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു

നിര്‍വാഹക സമിതിയടക്കം 51 പേര്‍ എന്നതാണ് കെ. സുധാകരന്‍ മുന്നോട്ടുവയ്ക്കുന്നത്. ജംബോ കമ്മറ്റികള്‍ വേണ്ടെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. 

ഡിസിസികളിലും സമ്പൂര്‍ണ പൊളിച്ചെഴുത്താണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയമുണ്ട്. ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും. ജംബോ കമ്മിറ്റി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഒരു പദവി, ഭാരവാഹികള്‍ക്ക് പ്രായ പരിധി, തെരഞ്ഞെടുപ്പില്‍ തോറ്റവരെ മാറ്റിനിര്‍ത്തല്‍ തുടങ്ങി മാനദണ്ഡങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 15ന് മുന്‍പ് കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.