പണം കൊണ്ടുവന്നത് തുണിസഞ്ചിയില്‍ ; പൂജാനിവേദ്യങ്ങള്‍ എന്ന പേരില്‍  ചെറുപഴത്തിന് അടിയില്‍ ഒളിപ്പിച്ചു : പ്രസീത

തങ്ങള്‍ക്കും കഴിക്കാമല്ലോ എന്നു ചോദിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കഴിപ്പിച്ചതാണ്, അവര്‍ക്ക് കൊടുക്കേണ്ടതാണെന്ന് മറുപടി പറഞ്ഞു
സി കെ ജാനു, പ്രസീത അഴീക്കോട്, കെ സുരേന്ദ്രന്‍ / ഫയല്‍
സി കെ ജാനു, പ്രസീത അഴീക്കോട്, കെ സുരേന്ദ്രന്‍ / ഫയല്‍

കോഴിക്കോട് : സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൈമാറാന്‍ കൊണ്ടുവന്നത് തുണി സഞ്ചിയിലാണെന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോട്. മാര്‍ച്ച് 25 നാണ് പണം ഏര്‍പ്പാടാക്കിയ കാര്യം കെ സുരേന്ദ്രന്‍ വിളിച്ചുപറയുന്നത്. പിറ്റേന്ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ തങ്ങളുടെ മുറിയില്‍ വെച്ചാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത വെളിപ്പെടുത്തി.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ് പണവുമായി ഹോം സ്‌റ്റേയിലേക്ക് എത്തിയത്. കയ്യില്‍ കോട്ടണ്‍ സഞ്ചിയും ഉണ്ടായിരുന്നു. അപ്പോള്‍ ജാനുവിന്റെ മുറിയില്‍ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. അതുകൊണ്ട് നേരെ എതിര്‍വശത്തുള്ള തങ്ങളുടെ മുറിയിലേക്ക് കയറി. ജാനുവേച്ചി മീഡിയയോട് സംസാരിക്കുവാല്ലേ.. എന്നും ചോദിച്ചു. അതെ എന്ന് മറുപടിയും നല്‍കി. 

അവരുടെ കയ്യിലെ കോട്ടണ്‍ സഞ്ചിയില്‍ മുകളില്‍ കാണാന്‍ പറ്റുന്ന വിധത്തില്‍ ചെറുപഴവുമുണ്ടായിരുന്നു. ഇതെന്താ രാവിലെ പഴവുമായിട്ട് എന്നു ചോദിച്ചപ്പോള്‍, പൂജ കഴിച്ച സാധനമാണ് സ്ഥാനാര്‍ത്ഥിക്ക് കൊടുക്കാനാണെന്ന് പറഞ്ഞു. അപ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന പാര്‍ട്ടി സെക്രട്ടറി തങ്ങള്‍ക്കും കഴിക്കാമല്ലോ എന്നു ചോദിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കഴിപ്പിച്ചതാണ്, അവര്‍ക്ക് കൊടുക്കേണ്ടതാണെന്ന് മറുപടി പറഞ്ഞു. 

അതോടെ അത് ഞങ്ങള്‍ വിട്ടു. അങ്ങനെ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ്, അഞ്ചുമിനുട്ടിനകം സി കെ ജാനു മുറിയിലേക്ക് കടന്നു വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോകേണ്ട തിരക്കിലായിരുന്നു തങ്ങള്‍. അവര്‍ തമ്മില്‍ രണ്ടു മൂന്ന് മിനുട്ട് സംസാരിച്ചശേഷം ഈ സഞ്ചി ജാനുവിന്റെ കയ്യിലേക്ക് കൊടുത്തശേഷം ഇറങ്ങിപ്പോകുന്നത് കണ്ടു. ജാനു ഈ സഞ്ചി വാങ്ങിയശേഷം തന്റെ കൂടെയുള്ള വിനീത എന്ന പെണ്‍കുട്ടിക്ക് കൈമാറി. തുടര്‍ന്ന് ജാനുവിന്റെ മുറിയിലേക്ക് സഞ്ചി കൊണ്ടുപോയെന്നും പ്രസീത വെളിപ്പെടുത്തി. 

പണം ഏര്‍പ്പാടാക്കിയത് ആര്‍എസ്എസ് പ്രതിനിധിയായ ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു. നേരത്തെ ഗണേഷ് സി കെ ജാനുവിനെ വിളിച്ചിരുന്നു. എന്നാല്‍ തിരക്കോ മറ്റോ മൂലം ജാനു ഫോണ്‍ എടുത്തില്ല. അല്ലെങ്കില്‍ ഗണേഷിന്റെ നമ്പര്‍ ജാനുവിന് അറിയില്ലായിരിക്കാം. അതേത്തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ തന്നെ വിളിക്കുന്നതെന്ന് പ്രസീത പറഞ്ഞു. ശബ്ദരേഖയില്‍ പണം ഏര്‍പ്പാടാക്കിയത് പാര്‍ട്ടി സംഘടനാ സെക്രട്ടറി ഗണേഷാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമായി പറയുന്നുണ്ടെന്നും പ്രസീത പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com