മോശം പെരുമാറ്റത്തിൽ സിപിഎമ്മിന് അതൃപ്തി; ജോസഫൈന് എതിരെ നടപടിക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th June 2021 08:07 PM  |  

Last Updated: 24th June 2021 08:13 PM  |   A+A-   |  

MC_JOSEPHINE against police

എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ

 

തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം നാളെ സിപിഎം സംസ്ഥാന സെക്ര‌ട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ ഇടത് മുന്നണി പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ. 

അതേസമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താൻ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അർത്ഥത്തിലല്ലെന്നുമാണ് ജോസഫൈൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.

എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവന എന്നാണ് നേതാക്കൾ പറയുന്നത്. മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ ജോസഫൈൻ നടത്തിയിട്ടുള്ള കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അണികളിൽ നിന്നടക്കം രൂക്ഷ പ്രതികരണങ്ങൾ വരുന്ന സാഹചര്യത്തിൽ പാർട്ടി നടപടികൾ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.