റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചു, ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു; സഹോദരി പുത്രൻ അറസ്റ്റിൽ

6 വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ സ്വത്ത് കൈക്കലാക്കാനാണ് കൊല നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ. തോട്ടുങ്കര ഊളാനിയിൽ സരോജിനിയുടെ (75) കൊലപാതകത്തിൽ വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പിടിയിലായത്. 6 വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ സ്വത്ത് കൈക്കലാക്കാനാണ് കൊല നടത്തിയത്. 

കഴിഞ്ഞ മാർച്ച് 31 നാണ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ സരോജിനെ കണ്ടെത്തിയത്. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്നു പൊലീസ് പറഞ്ഞു. മൂന്നു വർഷം തൊടുപുഴ താലൂക്ക് ഓഫിസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്കു തന്നെയാണെന്ന് സുനിൽ ഉറപ്പുവരുത്തിയിരുന്നു. സ്വത്തുക്കൾ തനിക്കു നൽകാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനിൽ പൊലീസിനോടു പറഞ്ഞു. എന്നാൽ രണ്ടു സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ സ്വത്ത് വീതം വച്ചു നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

റേഷൻകടയിൽ നിന്നു പല തവണയായി മണ്ണെണ്ണ വാങ്ങി സുനിൽ രഹസ്യമായി സൂക്ഷിച്ചു. രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊല ചെയ്യുകയായിരുന്നു. മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി. പുലർച്ചെ മൂന്നോടെ അടുക്കളയിൽ എത്തിയ സരോജിനി പാചകവാതകം ചോർന്നു വെന്തുമരിച്ചതായി പൊലീസിനു മൊഴി നൽകി. കിടപ്പുമുറിയിൽ ചൂടു കൂടുതലായതിനാൽ അടുക്കളയുടെ സമീപമാണ് സരോജിനി കിടന്നിരുന്നതെന്ന സുനിലിന്റെ മൊഴിയാണ് പൊലീസിനു സംശയമായത്.  

വീട്ടിൽ  പൊലീസ് രാത്രി പരിശോധന നടത്തി. സരോജിനി മരിച്ചുകിടന്ന മുറിയിലാണ് ചൂടു കൂടുതൽ എന്നു കണ്ടെത്തി. സരോജിനിയുടെ മൊബൈൽ ഫോൺ, താക്കോൽ, ടോർച്ച് എന്നിവ കിടപ്പു മുറിയിൽ കണ്ടതും പൊലീസിനു സംശയത്തിനു കാരണമായി. പാചകവാതകം മിതമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തി. ഇതോടെ സുനിൽ കുറ്റം സമ്മതിക്കുകയായിരുന്നു.  പ്രതിയെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com