ആരാധനാലയങ്ങൾ തുറന്നു, ഷൂട്ടിങ്ങിനും അനുമതി; ഇന്നു മുതൽ കൂടുതൽ ഇളവുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 08:20 AM  |  

Last Updated: 24th June 2021 08:20 AM  |   A+A-   |  

Shrines reopen

ചിത്രം: എഎന്‍ഐ

 

തിരുവനന്തപുരം; ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാവും ദർശനം നടത്താനാവുക. 

ഒരുസമയം പരമാവധി 15 പേർക്കായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം. ​ഗുരുവായൂരിൽ വിവാഹവും നടത്താനാവും. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്. 

കൂടാതെ ഇന്നു മുതൽ കൂടുതൽ ഇളവുകളും സംസ്ഥാനത്ത് വരുന്നുണ്ട്. 16-ൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാരോടെയാവും പ്രവർത്തിക്കുര. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കും.