പ്ലസ് വണ്‍ പരീക്ഷ നടത്തിയേ തീരൂ എന്ന് തീരുമാനിക്കുന്നത് എന്തിന്?, മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 12:30 PM  |  

Last Updated: 24th June 2021 12:30 PM  |   A+A-   |  

covid situation in kerala

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ ഉടനെ നടത്തിയേ തീരൂ എന്ന് തീരുമാനിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കില്ലെന്നും വിശദമായ പദ്ധതി തയ്യാറാക്കി നാളെ സമര്‍പ്പിക്കാനും കേരളത്തോട് കോടതി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷയും ആന്ധ്രയിലെ പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നു. രണ്ടാം തരംഗം രാജ്യത്തെ ഏങ്ങനെയാണ് ബാധിച്ചത് എന്ന് കണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ പരീക്ഷ ഉടനെ നടത്തിയേ തീരൂ എന്ന് തീരുമാനിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് സിബിഎസ്ഇയുടെ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ തേടി കൂടേയെന്ന് കോടതി ആന്ധ്രാസര്‍ക്കാരിനോട് ചോദിച്ചു. 

ആന്ധ്രയില്‍ പ്ലസ് ടു പരീക്ഷ എഴുതാന്‍ അഞ്ചുലക്ഷം വിദ്യാര്‍ഥികളാണ് തയ്യാറെടുക്കുന്നത്. 38000 കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നും ആന്ധ്രാ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കോടതി വിശദമായ പദ്ധതി തയ്യാറാക്കി നാളെ സമര്‍പ്പിക്കാന്‍ ആന്ധ്രാ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതോടൊപ്പം തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കണം. കേരളത്തിനും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കേരള സര്‍്ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. സെപ്റ്റംബറില്‍ പരീക്ഷ നടത്താനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഉപരിപഠനം ഉള്‍പ്പെടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തത്കാലം ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തോടും തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാനും വിശദമായ പദ്ധതി തയ്യാറാക്കി നാളെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.