എട്ട് ലക്ഷം രൂപയുടെ പുകയില ഉത്പ്പന്നവുമായി യുവാവ് പിടിയിൽ; കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th June 2021 08:45 PM  |  

Last Updated: 24th June 2021 08:45 PM  |   A+A-   |  

Youth caught with tobacco product

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി കോഴിക്കോട് യുവാവ് പിടിയിൽ. കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണത്തിനായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ  7500 പായ്ക്കറ്റുകളുമായി കോഴിക്കോട് ആർസി റോഡ് സ്വദേശി വിനിൽരാജ് (33 ) ആണ് പിടിയിലായത്. 

കോഴിക്കോട് ന​ഗരത്തിന് സമീപം ചാലിൽ താഴത്ത് വച്ചാണ് ഇയാളെ ചേവായൂർ സബ് ഇൻസ്പെക്ട്ടർ അജീഷ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. വിനിൽരാജിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ താമരശ്ശേരി സ്വദേശിയായ ഷാമിൽ ഓടി രക്ഷപ്പെട്ടു.  ഇവർ  ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചില്ലറ വിപണിയിൽ ഒരു പാക്കറ്റ് ഹാൻസിന് 60 രൂപ മുതൽ 80 രൂപ വില വരും. പിടികൂടിയ ഹാൻസ് പായ്ക്കറ്റുകൾക്ക് വിപണിയിൽ എട്ട് ലക്ഷത്തോളം വിലവരുമെന്നാണ് പൊലീസ് പറയുന്നത്. വിനിൽരാജിനെതിരെ മുൻപും സമാന രീതിയിലുള്ള കേസ്  കോഴിക്കോട് കസബ സ്റ്റേഷനിലുണ്ട്. 

കോഴിക്കോട് സിറ്റിയിലെ വിവിധ ഷോപ്പുകളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് വേണ്ട സ്ഥലത്ത് എത്തിച്ച് നൽകുകയാണ് ഇയാളുടെ രീതി. പണം ഗൂഗിൾ പേ വഴി കൈമാറുകയും ചെയ്യും. പുലർച്ചേ പൊലീസിന്റെ സാനിധ്യം കുറവാണെന്ന് മനസിലാക്കി ഈ സമയമാണ് ഇവർ വിൽപ്പയ്ക്ക് തിരഞ്ഞെടുക്കാറുള്ളത്. 

ഓടിപ്പോയ ഷാമിലിനെ കുറിച്ചും, ഹാൻസ് നൽകിയ മൊഞ്ഞ വിതരണക്കാരനായ താമരശ്ശേരി സ്വദേശി സാദിഖ് എന്ന ആളെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂർ ഇൻസ്പെക്ട്ടർ വിജയകുമാരൻ വ്യക്തമാക്കി.