ഐഎസ്ആർഒ ചാരക്കേസ്: 18 പ്രതികൾ, സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; അറസ്റ്റ് ഉണ്ടായേക്കും 

തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഓൺലൈനായാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്
നമ്പി നാരായണൻ/ ഫയൽ
നമ്പി നാരായണൻ/ ഫയൽ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഓൺലൈനായാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്.

അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയൻ (സ്മാർട്ട് വിജയൻ) ആണ് ഒന്നാം പ്രതി. വഞ്ചിയൂർ എസ് ഐ ആയിരുന്ന തമ്പി എസ്. ദുർഗ്ഗാദത്ത് രണ്ടാം പ്രതിയും സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി ആർ രാജീവൻ മൂന്നാം പ്രതിയും, ഡി ഐ ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്. ഡിവൈ. എസ്.പി ആയിരുന്ന കെ.കെ.ജോഷ്വ, സ്റ്റേറ്റ് ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രവീന്ദ്രൻ, ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ എന്നിവരാണ് അഞ്ചാ മുതൽ ഏഴ് വരെ പ്രതികൾ. 

സി ആർ ആർ നായർ (മുൻ അസിസ്​റ്റന്റ് ഡയറക്ടർ), ജി എസ് നായർ, കെ വി തോമസ്, ജോൺ പുന്നൻ (ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാർ),  പി.എസ്.ജയപ്രകാശ്, ഡിന്റാ മത്യാസ് (അസിസ്​റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാർ)‌‌,  ജി. ബാബുരാജ് (മുൻ ക്രൈം ബ്രാഞ്ച് എസ് പി) എസ്.ഐ ആയിരുന്ന എസ്. ജോഗേഷ്, മാത്യൂ ജോൺ (ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡയറക്ടർ), ഉദ്യോഗസ്ഥനായിരുന്ന ബേബി ,സ്‌​റ്റേ​റ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന വി കെ മായ്‌നി എന്നിവരാണ് മറ്റു പ്രതികൾ. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, അപകീർത്തിപ്പെടുത്തൽ, മർദ്ദനം തുടങ്ങി എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സിബിഐ കടന്നേക്കുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com