'സംശയം തോന്നിയാല്‍ ഗെയിം ഫൗള്‍ ആകും; ആര് എന്തു പറഞ്ഞാലും ഓ കെ പറയുക ; കണ്ണൂരില്‍ എല്ലാ സെറ്റപ്പും അര്‍ജുന്‍ ചെയ്തിട്ടുണ്ട്' ;  സ്വര്‍ണക്കടത്ത് ആസൂത്രണത്തിന്റെ ശബ്ദരേഖ പുറത്ത്

ദുബായിലേതിനേക്കാള്‍ വിഐപി സെറ്റപ്പാണ് അറേഞ്ച് ചെയ്തിട്ടുള്ളത്
അര്‍ജുന്‍ ആയങ്കി / ടെലിവിഷന്‍ ചിത്രം
അര്‍ജുന്‍ ആയങ്കി / ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് ആസൂത്രണത്തിന്റെ ശബ്ദരേഖ പുറത്ത്. സ്വര്‍ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്നും ശബ്ദരേഖയില്‍  വിശദീകരിക്കുന്നു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടേയും സംഘത്തിന്റേയും സംഭാഷണങ്ങളാണ് പുറത്തായത്. 

സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്ന സക്കീര്‍ എന്നയാള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളാണ് ശബ്ദസന്ദേശത്തിലുള്ളത്. ഫസല്‍ എന്നയാള്‍ സ്വര്‍ണവും വിമാനടിക്കറ്റും എത്തിച്ചു നല്‍കുമെന്നും ദുബായ് വിമാനത്താവളത്തിന്റെ സമീപത്ത് എത്തണമെന്നും ഓഡിയോ ക്ലിപ്പില്‍ നിര്‍ദേശം നല്‍കുന്നു. '' നസീര്‍ക്കാനോട് ഓകെ പറയുക. വേറൊരാള്‍ വന്നിട്ട് എനിക്കാണ് തരേണ്ടത് എന്നു പറഞ്ഞാലും ഓകെ പറയുക. 

പക്ഷെ സാധനം കൊടുക്കേണ്ടത് ഫസലിന് മാത്രമാണ്. സാധനം കിട്ടിക്കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ കയറിയാലുടന്‍ ഫസലിനെ വിളിക്കണം. ഫസലിനെ മാത്രമേ വിളിക്കാവൂ. അന്നോ, പിറ്റേന്നോ ഫസല്‍ നിങ്ങളെ ഫ്‌ലൈറ്റില്‍ കണ്ണൂരിലേക്ക് അയക്കും. കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിയുന്നത് അടക്കമുള്ള എല്ലാ സെറ്റപ്പും അര്‍ജുന്‍ ആയങ്കി ചെയ്തിട്ടുണ്ടെന്ന്'' ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

പക്വതയോടെ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.  ഫോണ്‍ ഓണാക്കി വെക്കണം. താനോ, അര്‍ജിനോ ഫസലോ വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്നും സംഘത്തലവന്‍ പറയുന്നു. ഇന്ന് സാധനം അടിക്കേണ്ട, റെഡിയായി നില്‍ക്കണമെന്നും ഓഡിയോ ക്ലിപ്പില്‍ സക്കീറിനോട് ആവശ്യപ്പെടുന്നുണ്ട്. 

''ഗോള്‍ഡിന്റെ ടീമിന്റെ അടുത്താണെങ്കില്‍ ഫോണ്‍ എടുക്കേണ്ട. ഗോള്‍ഡിന്റെ ടീമിന്റെ അടുത്ത് പോകുന്നതിന് മുമ്പ് മെസ്സേജ് ചെയ്യണം. ഗോള്‍ഡിന്റെ പാര്‍ട്ടിയുടെ അടുത്തുവെച്ച് ഞങ്ങളെ കോണ്‍ടാക്ട് ചെയ്യരുത്. അവര്‍ക്ക് സംശയം തോന്നിയാല്‍ ഗെയിം ഫൗള്‍ ആകും. നസീര്‍ പൊട്ടിക്കാന്‍ നില്‍ക്കുന്ന ആളാണ്. നസീറും മഹമൂദും എല്ലാം വേറെയാണ്. നമ്മുടെ ആളല്ല. അവരെയെല്ലാം പൊട്ടിച്ചിട്ടാണ് നമ്മള്‍ സാധനം എടുത്തുവരുന്നത്. അത് മനസ്സില്‍ വെക്കണം. 

നസീറും മഹമൂദും എന്ത് പറയുന്നോ അതിനെല്ലാം ഓകെ പറയുക. പക്ഷെ ഫസലിന്റെയും എന്റെയും ഒപ്പം നിന്നാല്‍ മതി. എല്ലാ കാര്യങ്ങളും ഫസലിനെ അറിയിക്കണം. വേറെ റിസ്‌ക് ഒന്നും ഇല്ല. കണ്ണൂരില്‍ എല്ലാകാര്യവും അര്‍ജുന്‍ സെറ്റ് ചെയ്തിട്ടുണ്ട്. താമസോം ഭക്ഷണോ കള്ളും അടക്കം എല്ലാം, ദുബായിലേതിനേക്കാള്‍ വിഐപി സെറ്റപ്പാണ് അറേഞ്ച് ചെയ്തിട്ടുള്ളത്. കൂടാതെ, നല്ലൊരു തുക കയ്യില്‍ വെച്ചുതരുമെന്നും'' സംഘത്തലവന്‍ ഓഡിയോ ക്ലിപ്പിലൂടെ സക്കീറിന് ഉറപ്പ് നല്‍കുന്നു. 

അതിനിടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.  ഈ മാസം 28 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റംസ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്.

കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അര്‍ജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com