ഡോക്ടർ ചമഞ്ഞ് ജോലി ചെയ്ത 'വ്യാജനെ' പൊലീസ് പൊക്കി; പ്രീഡിഗ്രി പാസായിട്ടില്ലെന്ന് കുറ്റസമ്മതം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 07:10 AM  |  

Last Updated: 25th June 2021 07:10 AM  |   A+A-   |  

fake_doctor_alappuzha

എൻ ബിനുകുമാർ

 

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ചെറുവെല്ലൂർ സ്വദേശി എൻ ബിനുകുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആറ് മാസം ജോലി ചെയ്ത ഇയാളെ പുനലൂരിലെ ആശുപത്രിയിൽ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിടികൂടുകയായിരുന്നു.  വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ സഹായിച്ച തിരുവനന്തപുരം സ്വദേശി സജിത്തും (57) പിടിയിലായി.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ഡോ ബബിതയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ഇയാൾ‌ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഇതേക്കുറിച്ചറിഞ്ഞ ബബിത ആലപ്പുഴ ജില്ലാപൊലീസ് മേധാവി ജയദേവിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

2020 ഡിസംബർ മാസം മുതൽ പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ ബിനു കുമാർ ഡോക്ടറായി ജോലി ചെയ്തിരുന്നു. പൂച്ചാക്കൽ പൊലീസ് തനിക്കെതിരെ ആരംഭിച്ചതറിഞ്ഞാണ് ബിനുകുമാർ ആശുപത്രിയിൽ നിന്നു പോയത്. ഇയാൾ കൊല്ലം പുനലൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലിനോക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ എത്തിയ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

ബിനുകുമാറിനെ പൂച്ചാക്കൽ മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രീഡിഗ്രി പാസായിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ  ഇയാൾ പൊലീസിനോട് സമ്മതിച്ചു.