സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് ആദരം, തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ അടുത്തവര്‍ഷം: രാജ്‌നാഥ് സിങ്- വീഡിയോ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ഐഎന്‍എസ് വിക്രാന്ത്‌
ഐഎന്‍എസ് വിക്രാന്ത്‌

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഐഎന്‍എസ് വിക്രാന്തിന്റെ പോരാട്ടശേഷി രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കൊച്ചി ഷിപ്പ് യാര്‍ഡില്‍ എത്തിയതാണ് രാജ്‌നാഥ് സിങ്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണിത്. മുന്‍ എന്‍ഡിഎ സര്‍ക്കാരാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കോവിഡ് വ്യാപനത്തിനിടയിലും നിര്‍മ്മാണ പുരോഗതിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. അടുത്തവര്‍ഷം ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആദരമാകുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ ഷിപ്പ്‌യാര്‍ഡുകളിലായി 42 കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തദ്ദേശീയ കപ്പല്‍ നിര്‍മ്മാണ വ്യവസായം നവീകരണത്തിന്റെ പാതിയിലാണെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഘടകസാമഗ്രികളുടെ 75ശതമാനവും പ്രാദേശികമായാണ് സംഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട്-75 പദ്ധതി തദ്ദേശീയ സാങ്കേതികവിദ്യക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com