അട്ടപ്പാടിയില്‍ ഒരു മാസത്തിനകം 100 ശതമാനം വാക്‌സിനേഷന്‍; ചികിത്സയ്ക്കായി മറ്റിടങ്ങളിലേക്ക് പോകേണ്ടിവരില്ല: ആരോഗ്യമന്ത്രി

ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വീണാ ജോര്‍ജ് അട്ടപ്പാടിയില്‍
വീണാ ജോര്‍ജ് അട്ടപ്പാടിയില്‍


പാലക്കാട്: ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകേണ്ട അവസ്ഥ വരാത്ത രീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലം മാറ്റിയെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്പെഷ്യാലിറ്റി സേവനങ്ങള്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതാണ്. അട്ടപ്പാടിയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടത്തറ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതാണ്. കോവിഡ് ചികിത്സയ്ക്ക് പുറമെ ഭാവിയില്‍ ഇതര രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് പ്രയോജനപ്രദമാകും. കോവിഡ് പരിശോധന ശാസ്ത്രീയമാക്കുന്നതിന് അടിയന്തരമായി സി.ബി നാറ്റ് മെഷീന്‍ നല്‍കും. കൂടാതെ, മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബ് ആഴ്ചയില്‍ ഒരു ദിവസം അട്ടപ്പാടിയില്‍ സജ്ജമാക്കും. ഇത്തരത്തില്‍ മേഖലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്സിന്‍ ഉറപ്പാക്കുന്നതാണ്. വാക്സിന്റെ ലഭ്യതയനുസരിച്ച് ഇതിനായി സംവിധാനമുറപ്പാക്കും. ആദിവാസി വിഭാഗത്തിലെ 45 വയസിന് മുകളിലുള്ള 82 ശതമാനത്തോളം പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്സിന്‍ എത്തുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പൊതുജനാരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതാണ്. ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ശിശുമരണ നിരക്കിലെ കുറവ് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുവകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കും. പ്രത്യേകിച്ച്, ഗര്‍ഭിണികളുടെ പോഷകാഹരവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളുടെ ആഹാര ശീലങ്ങള്‍ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്ത് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദര്‍ശിച്ച മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പുതൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണും മന്ത്രി സന്ദര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com