നിയമസഭ കയ്യാങ്കളി : ഇടതുനേതാക്കളെ രക്ഷിക്കാൻ സർക്കാർ ; കേസ് പിൻവലിക്കാൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സ്പീക്കറുടെ അനുമതിയില്ലാതെ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. 

കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടല്‍ മൂലമാണ് പ്രോസിക്യൂട്ടര്‍ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

നിയമസഭയ്ക്ക് അകത്തു നടന്ന സംഭവത്തില്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സ്പീക്കറുടെ അനുമതിയില്ലാതെ, നിയമസഭ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ല. എംഎല്‍എമാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എംഎല്‍എമാര്‍ വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. 

നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നീ ആറു ജനപ്രതിനിധികള്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.  ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ, 2015 മാര്‍ച്ച് 13 നാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നിയമസഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. 

സര്‍ക്കാരിന്റെ അപ്പീല്‍ ചൊവ്വാഴ്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അതിനിടെ കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹര്‍ജി നല്‍കിയിട്ടിട്ടുണ്ട്. തന്റെ വാദം കൂടി കേള്‍ക്കാതെ, കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെടുന്നത്. വലിയ തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും, നിയമസഭയെ പൊതുജനമധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിറകെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങി. എന്നാൽ സർക്കാർ നീക്കം തിരുവനന്തപുരം കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് റദ്ദാക്കാനുള്ള സർക്കാർ തീരുമാനം കോടതി നിരസിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com