കോഴ വിവാദത്തിൽ ബിജെപിയിൽ പൊട്ടിത്തെറി, യുവമോർച്ച നേതാക്കൾക്കെതിരെയുള്ള നടപടിക്ക് പിന്നാലെ കൂട്ടരാജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 08:33 AM  |  

Last Updated: 26th June 2021 08:33 AM  |   A+A-   |  

bjp WAYANAD

ബിജെപി പതാക/ ഫയല്‍ ചിത്രം

 

കൽപ്പറ്റ;  നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയിൽ കോഴ വിവാദം കത്തുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തെ തുടർന്ന് വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോർച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികൾ കൂട്ടരാജിവെച്ചു. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയ്ക്കലിനും ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനുമെതിരെയായിരുന്നു നടപടി. അച്ചടക്ക നടപടിയായി ഇവരെ തൽസ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. നടപടിക്ക് പിന്നാലെയാണ്‌ കൂട്ടരാജി ഉണ്ടായത്. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.

നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തി ദീപു പുത്തന്‍പുരയില്‍ കഴിഞ്ഞ ദിവസം രാത്രി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമോഹികളുമായി സന്ധി ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടുപോകുന്നതെന്നും ഇയാള്‍ കുറിച്ചു. 
ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.