ഇടുക്കിയിൽ മരം മുറിച്ച് കടത്തിയ സംഭവം; സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th June 2021 01:15 PM  |  

Last Updated: 26th June 2021 01:15 PM  |   A+A-   |  

Three persons booked

ടെലിവിഷൻ ദൃശ്യം

 

തൊടുപുഴ: ഇടുക്കിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വിആർ ശശി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ടൺ മരങ്ങൾ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. 

വിആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ്. വിആർ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരംവെട്ടുന്നതിന് മുൻകൂർ അനുമതി വേണം. എന്നാൽ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങൾ വെട്ടുകയായിരുന്നു. 

അനധികൃതമായി വെട്ടിയ തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവച്ചു. സംഭവത്തിൽ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതി ചേർക്കാതെ വനംവകുപ്പ് ഒത്തുകളിച്ചത് വാർത്തയായിരുന്നു. 

പ്രതികൾക്കെതിരെ കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.