സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയില്‍ : മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 03:58 PM  |  

Last Updated: 26th June 2021 04:40 PM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 


തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കർശനമായി നേരിടുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ നാടിന് അപമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. 

പുതിയപൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലൊരു ഭാഗം ജീവിതം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതിനകം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്നെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും  സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീധനപീഡനക്കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള സംവിധാനങ്ങളും ബോധവല്‍ക്കരണസംവിധാനങ്ങളും ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.