പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാറിനുള്ളിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ, ക്രൂരമായി മർദിച്ച് മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗത്തിന്റെ മകൻ; നാട്ടുകാർ രക്ഷിച്ചു 

സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി മർദിച്ച് യുവാവ്. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. 

മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു. 

കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വെച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. 

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐടി മേഖലയിൽ  ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com