ശ്രീമതിയോ സുജാതയോ സതീദേവിയോ ..?; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആര് ?; ചര്‍ച്ചകള്‍ സജീവം

നിഷ്പക്ഷ്തയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരെ കണ്ടെത്തണമെന്ന വാദവും സജീവമാണ്
പി കെ ശ്രീമതി, സി എസ് സുജാത, പി സതീദേവി / ഫയല്‍
പി കെ ശ്രീമതി, സി എസ് സുജാത, പി സതീദേവി / ഫയല്‍

തിരുവനന്തപുരം : എം സി ജോസഫൈന്‍ രാജിവെച്ചതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന ചര്‍ച്ചകള്‍ക്കും സിപിഎമ്മില്‍ തുടക്കമായി. മുന്‍ എംപിമാരായ പി കെ ശ്രീമതി, പി സതീദേവി, സി എസ് സുജാത, ടി എന്‍ സീമ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ സുജ സൂസന്‍ ജോര്‍ജ്, എന്‍ സുകന്യ തുടങ്ങിയ പേരുകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ നിഷ്പക്ഷ്തയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരെ കണ്ടെത്തണമെന്ന വാദവും സജീവമാണ്. മുമ്പ് കവയത്രി സുഗതകുമാരിയെയും ജസ്റ്റിസ് ഡി ശ്രീദേവിയെയും വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം. 

മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കിയ കെ കെ ശൈലജയെ പരിഗണിക്കണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ നിലവില്‍ എംഎല്‍എ ആയതിനാല്‍ ശൈലജയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. മുന്‍ എംഎല്‍എ അയിഷ പോറ്റിയുടെ പേരും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. 

കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ രാജിവെച്ചത്. എന്നാല്‍ മറ്റ് അംഗങ്ങള്‍ക്ക് ബാക്കി കാലാവധി അവസാനിക്കുന്നതു വരെ തുടരാം. ഈ സാഹചര്യത്തില്‍ നിലവിലെ കമ്മീഷന്റെ കാലാവധി കഴിയുന്നതുവരെ കമ്മീഷന്‍ അംഗമായ ഷാഹിദാ കമാലിനെ അധ്യക്ഷയാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 

നിലവില്‍ ലഭിക്കുന്ന പരാതികളില്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ടു തേടാനും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടുകള്‍ അയക്കാനും മാത്രമേ കമ്മിഷന് സാധിക്കു. അതിനപ്പുറത്തേക്ക് നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ല. ഈ സാഹചര്യത്തിൽ വനിതാ കമ്മിഷന് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യത്തിലും സർക്കാർ തീരുമാനം എടുത്തേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com