പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവച്ചു, കേസില്‍പ്പെടുത്തി പക; മാസങ്ങള്‍ നീണ്ട നിയമപോരാട്ടം, സത്യം തെളിയിച്ച് യുവതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 10:29 AM  |  

Last Updated: 27th June 2021 10:29 AM  |   A+A-   |  

ganja case in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവസംരംഭകയുടെ സ്ഥാപനത്തില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ച് യുവാവ് കേസില്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.  മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ യുവതി നിരപരാധിത്വം തെളിയിച്ചതോടെ യഥാര്‍ഥ പ്രതികള്‍ കുടുങ്ങി. 

കൈത്തറി സംരംഭമായ 'വീവേഴ്സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തി തന്റെ നിരപരാധിത്വം തെളിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ സ്ഥാപനത്തില്‍നിന്ന് അര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മ്യൂസിയം പൊലീസും നര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് ശോഭയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

നിരപരാധിത്വം തെളിയിക്കാന്‍ ശോഭ മുന്നിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശോഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ നല്‍കി. ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് കുടുക്കിയതാണെന്ന് വ്യക്തമായത്. 

ശോഭയുടെ സ്ഥാപനത്തില്‍ ഹരീഷ് കഞ്ചാവ് കൊണ്ട് വെച്ചതാണെന്ന് കണ്ടെത്തി. ഇയാള്‍ക്കൊപ്പം സഹായിയായി വിവേക് രാജ് എന്നയാളും ഉണ്ടായിരുന്നു. പൊലീസില്‍ ഇക്കാര്യം വിളിച്ചറിയിച്ചതും ഇവര്‍ തന്നെയാണെന്നും തെളിഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ഇങ്ങനെയൊരു പകവീട്ടല്‍ ശോഭയും പ്രതീക്ഷിച്ചില്ല. ശോഭയ്ക്കെതിരായ കേസ് ഒഴിവാക്കിയ പൊലീസ് ഹരീഷിനെയും വിവേകിനെയും പ്രതി ചേര്‍ത്തു.