സ്ത്രീധനം ചോദിച്ചാല്‍ ബന്ധം വേണ്ടെന്നു പറയണം, അങ്ങനെയുള്ള കല്യാണത്തിനു പോവരുത്: ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2021 02:02 PM  |  

Last Updated: 28th June 2021 02:02 PM  |   A+A-   |  

governor arif mohammed khan against dowry system

ഗവര്‍ണര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

കൊല്ലം: ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

'വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി പല കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. സ്ത്രീധനത്തിനെതിരായി വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഇതിനായി സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. 'പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ല.' 

''വിസ്മയ എനിക്ക് മകളെപ്പോലെയാണ്. എന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണ്.''- ഗവര്‍ണര്‍ പറഞ്ഞു.