മുഴുവന്‍ സമയവും ഫെയ്‌സ്ബുക്കില്‍; ആരോടും ചാറ്റിങ് ഇല്ലെന്നാണ് രേഷ്മ പറഞ്ഞിരുന്നത്; ഭര്‍ത്താവ് വിഷ്ണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2021 10:18 AM  |  

Last Updated: 28th June 2021 10:18 AM  |   A+A-   |  

reshma_arrested_killing_newborn

അറസ്റ്റിലായ രേഷ്മ/ ടെലിവിഷൻ ചിത്രം

 

കൊല്ലം: കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ രേഷ്മയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് വിഷ്ണു. രേഷ്മ തുടര്‍ച്ചയായി ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആരുമായും ചാറ്റ് ചെയ്യുന്നില്ലെന്നായിരുന്നു മറുപടി. രേഷ്മ തന്നെ പൊട്ടനാക്കുകയായിരുന്നെന്ന് വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. 

പതിവായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് രേഷ്മയുമായി വഴക്കിട്ടിരുന്നു. ഇതിനിടെയാണ് രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചതെന്നും വിഷ്ണു പറഞ്ഞു. കേസില്‍ രേഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കുരുക്കുകള്‍ അഴിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രേഷ്മയ്ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ ചോദ്യംചെയ്യല്‍ വൈകുകയാണ്. തന്റെ കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിന് അറിയില്ലായിരുന്നെന്നുമാണ് മൊഴി. രണ്ടു ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നാണ് കാമുകനുമായി ചാറ്റ് ചെയ്തതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. ഈ രണ്ട് അക്കൗണ്ടുകളും പരിശോധിച്ച് ഇതിനുപിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തിരുന്നു. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഉടമയായ ആര്യയെ ഇക്കാര്യം ചോദിച്ചറിയാനാണ് വിളിപ്പിച്ചിരുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനെത്താതെ ബന്ധുവായ ഗ്രീഷ്മയെയുംകൂട്ടി ആര്യ ആത്മഹത്യചെയ്തതോടെ ദുരൂഹതയേറി. ഈ സിം കാര്‍ഡ് ഉപയോഗിച്ചുള്ള രണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളായിരുന്നു രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നു ആത്മഹത്യചെയ്ത ആര്യയും ഗ്രീഷ്മയുമെന്നാണ് വിവരം.

കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസംമുതല്‍ത്തന്നെ പ്രതി രേഷ്മ പൊലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പുകവറിലെ രക്തക്കറ തന്റെ ആര്‍ത്തവരക്തമാണെന്ന് പൊലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

കോടതിയുടെ അനുമതിയോടെ എട്ടോളംപേരുടെ ഡിഎന്‍എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്.