സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; പൊലീസ് നടപടി എടുത്തില്ല; ജോസഫൈന്‍ ഇടപെട്ടത് പ്രതിക്ക് വേണ്ടി; ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2021 12:08 PM  |  

Last Updated: 28th June 2021 12:22 PM  |   A+A-   |  

mayukha_jhony

ഒളിമ്പ്യന്‍ മയൂഖ ജോണി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിനിടെ /ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ഇടപെട്ടെന്നും മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയത്. 

2016ല്‍ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന  നടപടിയാണ് ഉണ്ടായതെന്ന് മയൂഖ പറഞ്ഞു.

2018ല്‍ കൊച്ചിയിലെ ഒരുമാളില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തിയതായും മയൂഖ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതിയെ മുംബൈയില്‍ നിന്ന് എത്തിയ ഗുണ്ട വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായും പരാതിയുമായി മുന്നോട്ടുപോകകുയയാണെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബലാത്സംഗത്തിനിരയായ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു. 

സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. അതിന് പിന്നാലെ പ്രതി യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് മയൂഖ പറഞ്ഞു. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ അന്വേഷണത്തിന് എത്തി. അഞ്ച് മിനിറ്റ് പോലും ചെലവഴിക്കാതെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. സംഭവത്തിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മയൂഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.