ചോ​ദ്യം ചെയ്യൽ നീണ്ടത് ഒൻപത് മണിക്കൂർ; അർജുൻ ആയങ്കി അറസ്റ്റിൽ

ചോ​ദ്യം ചെയ്യൽ നീണ്ടത് ഒൻപത് മണിക്കൂർ; അർജുൻ ആയങ്കി അറസ്റ്റിൽ
അര്‍ജുന്‍ ആയങ്കി /  ഫയൽ
അര്‍ജുന്‍ ആയങ്കി / ഫയൽ

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. ഒൻപത് മണിക്കൂർ നീണ്ട ചോ​ദ്യം ചെയ്യലിനൊടുവിലാണ് അർജന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അർജുൻ ചോദ്യം ചെയ്യലിനു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പം എത്തിയ അർജുനെ പിന്നീട് കസ്റ്റംസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു.

രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയായ വാഹനാപകടവും  കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വര്‍ണവും തമ്മിലുള്ള ബന്ധങ്ങളാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് അന്വേഷണം എത്തിയത്. 2.33 കിലോ സ്വര്‍ണവുമായി പിടിയിലായ  മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിന്‍റെ മൊഴിയില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് പുറത്തു വന്നത്. എത്തിച്ച സ്വര്‍ണം കൊടുവള്ളി സംഘത്തിന്‍റേതായിരുന്നെങ്കിലും അര്‍ജുന് കൈമാറാനായിരുന്നുവെന്ന് ഷെഫീക്കിന്‍റെ മൊഴിയിലുണ്ട്. 

സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് ഷഫീഖിന്റെ വെളിപ്പെടുത്തൽ. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.

സ്വർണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിർദേശങ്ങൾ നൽകിയത് അർജുൻ ആയിരുന്നുവെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ അർജുൻ ഷഫീഖിനു നൽകി. സ്വർണക്കടത്തിനു പിന്നിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയയാണ്.

രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെ അര്‍ജുന്‍ ഒളിവിലായിരുന്നു. ഹാജരാവാന്‍ ആവശ്യപ്പെട്ട്‌ അര്‍ജുന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് പതിപ്പിച്ചത്. പത്ത് തവണയലധികം അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നൊണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. പിന്നാലെയാണ് ചോ​ദ്യം ചെയ്യലും അറസ്റ്റും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com