15കാരിയെ പീഡിപ്പിച്ച കേസ്‌: വ്യവസായി അറസ്റ്റില്‍, ഒത്താശ ചെയ്തത് ഇളയച്ഛനും ഇളയമ്മയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 08:40 AM  |  

Last Updated: 29th June 2021 08:43 AM  |   A+A-   |  

sexual assault case

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി പിടിയില്‍. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്. 15കാരിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഇളയച്ഛനും തന്നെ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. പൊലീസ് കേസിന് പിന്നാലെ ഒളിവില്‍ പോയ ഇളയമ്മയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്.